ന്യൂയോര്‍ക്ക്: നാടക-സീരിയല്‍ നടനും രചയിതാവും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ സണ്ണി കല്ലൂപ്പാറ ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് ജനവിധി തേടുന്നു. ഫോമാ നാഷണല്‍ കമ്മിറ്റി മുന്‍ അംഗമായ ഇദ്ദേഹം തന്റെ നിസ്തുലമായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ഏവരുടെയും അംഗീകാരത്തിന് പാത്രീഭൂതമായിട്ടുണ്ട്. ആ ജനപക്ഷ മുഖവുമായാണ് വീണ്ടും ഗോദയിലിറങ്ങിയിരിക്കുന്നത്.

സ്‌കൂള്‍, കോളേജ് നാടക മത്സരത്തില്‍ ബെസ്റ്റ് ആക്റ്റര്‍, ഇന്റര്‍ കോളേജ് നാടക മത്സരത്തില്‍ മികച്ച നടന്‍ എന്നീ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ 1984ലാണ് അമേരിക്കയില്‍ എത്തുന്നത്. തുടര്‍ന്ന് കലാ-സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ സജീവമായ സണ്ണി മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്) പ്രസിഡന്റായി. ഫോമായുടെ എമ്പയര്‍ റീജിയന്‍ ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോമാ ചിക്കാഗോ കണ്‍വന്‍ഷനില്‍ നാടക മത്സരത്തിന്റെ ചെയര്‍ പേഴ്‌സണ്‍ ഉള്‍പ്പെടെ നാല് കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. ഫിലാഡല്‍ഫിയ കണ്‍വന്‍ഷനിലെ കോ-ഓഡിനേറ്ററായും തിളങ്ങി.

ഫോമാ, ഫ്‌ളോറിഡാ കണ്‍വന്‍ഷനിലെ നാടക മത്സരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. ‘ആരും പറയാത്ത കഥ’ എന്ന നാടകത്തിലെ അഭിനയ മികവിനായിരുന്നു ഈ അംഗീകാരം. ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോ ചര്‍ച്ച് (യോങ്കേഴ്‌സ്) യുവജന സഖ്യം സെക്രട്ടറിയായും സംഘടനയുടെ വൈസ് പ്രസിഡന്റ്, നോര്‍ത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി, ഭദ്രാസന അസംബ്ലി മെമ്പര്‍, നോര്‍ത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യം ആദ്യ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

ജോലി തിരക്കുകള്‍ക്കിടയിലും കലയെ നെഞ്ചോട് ചേര്‍ത്ത് വരുന്ന ഇദ്ദേഹം അമേരിക്കയില്‍, അപ്പൂപ്പപന് 100 വയസ്, നന്മകള്‍ പൂക്കും കാലം, പ്രവാസി തുടങ്ങി 150ല്‍ അധികം വേദികള്‍ പിന്നിട്ട ഇരുപതിലധികം പ്രൊഫഷണല്‍ നാടകങ്ങളിലൂടെ ഒട്ടനവധി വേദികളില്‍ ഇന്നും സജീവമായി നാടകങ്ങള്‍ അവതരിപ്പിച്ചു വരുന്നു. മാനുഷി നാടകോത്സവത്തില്‍ വ്യുവേഴ്‌സ് ചോയിസ് ബെസ്റ്റ് ആക്റ്ററായി. അമേരിക്കയിലെ യൂണിഫെസ്റ്റ് 91ല്‍ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് സിനിമകളിലും കൂടാതെ ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ചാനലുകളിലെ ജനപ്രിയ പരമ്പരകളായ മനസ്സറിയാതെ, വേളാങ്കണ്ണിമാതാവ്, ഞങ്ങള്‍ സന്തുഷ്ട്ടരാണ്, കുങ്കുമപ്പൂവ്, അല്‍ഫോണ്‍സാമ്മ, അക്കരക്കാഴ്ച്ച, ഹരിചന്ദനം, ഇത് രുദ്രവീണ, പ്രവാസി, ഗ്രീന്‍കാര്‍ഡ്, ഫെയ്‌സ് ബുക്ക് ജോപ്പന്‍, തുടങ്ങിയ പത്തില്‍ അധികം സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയായ ‘അവര്‍ക്കൊപ്പ’മാണ് സണ്ണി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

തിരുവല്ലയ്ക്കു സമീപം കല്ലൂപ്പാറ പേരാലുംമൂട്ടില്‍ കുടുംബാംഗമായ സണ്ണി നൈനാന്‍ കര്‍മ്മ ഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും കലാ ജീവിതത്തിനും കൈത്താങ്ങായി നിന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. പെമോണയില്‍ നേഴ്‌സ് മാനേജരായിരുന്ന ജെസി ആണ് ഭാര്യ. ഇപ്പോള്‍ റോക്ക്‌ലാന്‍ഡ് സൈക്യാട്രി സെന്ററില്‍ ജോലി ചെയ്യുന്ന ജെസിക്ക് കൊറോണക്കാലത്തെ സേവനങ്ങള്‍ മാനിച്ച് ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഏറ്റവും മികച്ച നേഴ്‌സിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളായ ജെയ്‌സണ്‍, ജോര്‍ഡന്‍, ജാസ്മിന്‍ എന്നിവര്‍ മക്കള്‍.