തിരുവനന്തപുരം: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കറന്‍സി ഉപയോഗം കുറയ്ക്കാന്‍ കെഎസ്‌ആര്‍ടിസി ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ബസുകളില്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന യാത്രാ കാര്‍ഡുകളാണ് നല്‍കുന്നത്. ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് കാര്‍ഡ് നല്‍കുക. പരീക്ഷണം വിജയിച്ചാല്‍ സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാനാണ് തീരുമാനം. സര്‍വീസുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരാണ് കൂടുതല്‍ ജനങ്ങളുമായി ഇടപെടുന്നത്.

സ്പര്‍ശനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാല്‍ അതൊഴിവാക്കാനാണ് കോണ്ടാക്‌ട് ലെസ്സ് ഡിജിറ്റല്‍ പേമെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്കും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കും കറന്‍സി ഉപയോഗം കുറയ്ക്കാന്‍ കഴിയും. ആറ്റിങ്ങല്‍, തിരുവനന്തപുരം സെക്ടറുകളില്‍ പ്രീപെയ്ഡ് കാര്‍ഡ് നാളെ മുതല്‍ നടപ്പാക്കും. കാര്‍ഡുകളില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. കണ്ടക്ടര്‍ക്ക് പണം നല്‍കി യാത്രക്കാര്‍ക്ക് കാര്‍ഡ് റീ ചാര്‍ജ് ചെയ്യാം. കാര്‍ഡിന് കാലപരിധിയുണ്ടാകില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ‘ചലോ ‘ എന്ന കമ്ബനിയാണ് കെഎസ്‌ആര്‍ടിസിക്ക് വേണ്ടി കോണ്ടാക്‌ട് ലെസ്സ് ഡിജിറ്റല്‍ പേയ്മെന്റ് സിസ്റ്റം നടപ്പാക്കുന്നത്.