കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാജ്യത്ത് ആരംഭിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭാരത് ബന്ദ് പുരോഗമിക്കുന്നത്. ബന്ദ് സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിട്ടുണ്ട്.

കര്‍ഷക സമരം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് 18 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ ഭാരത് ബന്ദ് പുരോഗമിക്കുന്നത്. കര്‍ഷക സമരത്തിന്റെ ശ്രദ്ധാകേന്ദ്രം ഹരിയാന – ഡല്‍ഹി അതിര്‍ത്തിയായ സിംഗുവാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ സമരത്തിന്റെ ഭാഗമായി സിംഗു അതിര്‍ത്തിയിലുണ്ട്. സമരം ശക്തമായി നടക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിക്കും. ഇരു സംസ്ഥാനങ്ങളിലും മൂന്നു മണി വരെ കര്‍ഷകര്‍ റോഡ് ഉപരോധിക്കും.

തെലങ്കാനയില്‍ 10 മുതല്‍ 12 വരെ വഴി തടയും. ഡല്‍ഹിയില്‍ 11 മണി മുതല്‍ മൂന്നു മണി വരെ റോഡുകള്‍ ഉപരോധിക്കാനാണ് തീരുമാനം. കൂടാതെ, ബന്ദിന് പിന്തുണ നല്‍കണമെന്ന് പൊതുജനങ്ങളോട് കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ നിന്ന് ഒഴിവാക്കി. വാഹനങ്ങള്‍ തടയുകയോ, നിര്‍ബന്ധമായും കടകള്‍ അടുപ്പിക്കുകയോ ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിട്ടുണ്ട്.

ഡല്‍ഹി ഹരിയാന, ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തികളിലെ പ്രധാന പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുനതിനാല്‍ രാജ്യതലസ്ഥാനത്തെക്കുള്ള യാത്രയ്ക്ക് ബദല്‍ പാതകള്‍ പൊലീസ് നിര്‍ദേശിച്ചു. നാലാം ഘട്ട ചര്‍ച്ചയ്ക്ക് മുന്‍പുള്ള ഭാരത് ബന്ദ് വഴി കേന്ദ്രസര്‍ക്കാരിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് കര്‍ഷകര്‍.