കര്‍ഷക പ്രക്ഷോഭം ആളിക്കത്തുമ്പോഴും പരിഹാരശ്രമങ്ങളിലെ മെല്ലെപ്പോക്ക് കീറാമുട്ടിയായി തുടരുന്നു. ആറാംവട്ട ചര്‍ച്ചയ്ക്കുള്ള തീയതിയില്‍ ഇതുവരെയും ധാരണയായില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കേന്ദ്രസേനയുടെ അടക്കം വിന്യാസം വര്‍ധിപ്പിച്ചു.

ബുധനാഴ്ച നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് അഞ്ചിന നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയത്. എന്നാലിത് കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ ഒറ്റക്കെട്ടായി തള്ളിയിരുന്നു. ചര്‍ച്ച വഴിമുട്ടിയതോടെ, നിയമത്തിലെ വ്യവസ്ഥകളില്‍ തുറന്ന മനസോടെ ചര്‍ച്ചയ്ക്ക് തയാറെന്ന് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ വ്യക്തമാക്കി. എന്നാല്‍, പ്രക്ഷോഭം അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു കിസാന്‍ മുക്തി മോര്‍ച്ചയുടെ പ്രതികരണം.

റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കും. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയും, ഡല്‍ഹി-ആഗ്ര ദേശീയപാതയും ഉപരോധിക്കുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്താകമാനമുള്ള കര്‍ഷകരോട് ഡല്‍ഹിയിലേക്ക് എത്താനും ആഹ്വാനം ചെയ്തു. ഇതോടെ, ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ സന്നാഹം ശക്തമാക്കി.