മുംബൈ: വിവാദമായ കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്‍റില്‍ പാസ്സാക്കിയതിനെ പിന്തുണച്ച് നടന്‍ അനുപം ഖേര്‍. കര്‍ഷകരുടെ ദുരവസ്ഥക്ക് മാറ്റം വരാന്‍ പോവുകയാണ്. കര്‍ഷകരുടെ മുതലാളി കര്‍ഷകന്‍ തന്നെയാകുകയാണെന്നും അനുപം ഖേര്‍ പറഞ്ഞു.
താന്‍ അഭിനയിച്ച ‘ജീനേ ദോ’ എന്ന സിനിമയിലെ രംഗം പങ്കുവെച്ചാണ് അനുപം ഖേര്‍ നിലപാട് പ്രഖ്യാപിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
1990ലെ ജീനേ ദോ എന്ന സിനിമയില്‍ പാവപ്പെട്ട കര്‍ഷകന്‍റെ വേഷത്തിലാണ് താന്‍ അഭിനയിച്ചത്. കര്‍ഷകന്‍ ഉല്‍പ്പാദിപ്പിച്ച ധാന്യങ്ങള്‍ ചന്തയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇടനിലക്കാരനാണ് വില നിശ്ചയിക്കുന്നത്. അമരീഷ് പുരിയാണ് സിനിമയില്‍ ഭൂവുടമയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഭൂവുടമ വില നിശ്ചയിച്ച് ധാന്യങ്ങള്‍ അയാളുടെ ഗോഡൗണിലേക്ക് മാറ്റും. 150 രൂപക്ക് താന്‍ നല്‍കിയ ധാന്യം 250 രൂപക്ക് വില്‍ക്കുന്നത് കര്‍ഷകന്‍ കാണും -അനുപം ഖേര്‍ പറഞ്ഞു.