ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ കര്‍ഷകരെ ദുരിതത്തിലാക്കുന്ന മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയത്തിനെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരം അതിന്റെ ഏറ്റവും അതിരൂക്ഷമായ അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ ജീവിതത്തിന്റെ ആത്യന്തിക അടിസ്ഥാനമായ കാര്‍ഷിക സംസ്കാരം നഷ്ടപ്പെടാതിരിക്കാന്‍ കര്‍ഷകരുടെ ജീവന്മരണ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ്‌ലീലാ മാരേട്ട് അറിയിച്ചു .
ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ വരെ രംഗത്തു വന്ന സാഹചര്യമാണിപ്പോള്‍ ഉള്ളത് .അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ നേടിയ ഈ സമരത്തിന്റെ പ്രാധാന്യം ലോക നേതാക്കള്‍ വരെ തിരിച്ചറിഞ്ഞുകഴിഞ്ഞു .ഈ സാഹചര്യത്തില്‍ ശക്തമായി കര്‍ഷകര്‍ക്ക് പിന്തുണയുമായി ലോക മലയാളികള്‍ മുന്നിട്ടിറങ്ങണം .ഇപ്പോഴത്തെ ഡല്‍ഹിയിലെ സാഹചര്യം മനസിലാക്കണം .അഞ്ഞൂറോളം കര്‍ഷക സംഘടനകളില്‍ നിന്നുള്ള മൂന്ന് ലക്ഷത്തിലധികം കര്‍ഷകരാണ് ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികളില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നത്. കൂടുതലും പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. മോഡി ഗവണ്മെന്റ്  കൊണ്ടുവന്ന മൂന്ന് പുതിയ നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കണമെന്നത് ഉള്‍പ്പെടെ പത്തോളം ആവശ്യങ്ങളാണ് കര്‍ഷകര്‍ക്കുള്ളത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച അടവുനയങ്ങളൊന്നും സമരക്കാരുടെ മുമ്പില്‍ വിജയിച്ചില്ല. കര്‍ഷക സമരത്തെ കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിന് പറ്റിയ വീഴ്ചകളും സമരത്തിന്റെ പ്രാധാന്യവും സമരത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടതുമൊന്നുംഅവര്‍ക്ക് വിഷയമായില്ല എന്നത് തന്നെ വരാനിരിക്കുന്ന തിക്ത ഫലങ്ങളുടെ സൂചനയല്ലേ .
“കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിലെ കര്‍ഷകര്‍ ആത്മഹത്യാ മുനമ്പിലാണ്. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇതിനകം ജീവനൊടുക്കിക്കഴിഞ്ഞു. മാറി മാറി നാടുഭരിച്ച കക്ഷികളെല്ലാം സ്വീകരിച്ച സാമ്പത്തിക വികസന നയങ്ങള്‍ കര്‍ഷകരെ തകര്‍ക്കുന്നവ ആയിരുന്നു”. ഇതിന് പരിഹാരമെന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് പുതിയ നിയമങ്ങള്‍ നിര്‍മിച്ചത്. എന്നാല്‍ ഇവയുടെ ലക്ഷ്യം കര്‍ഷകനെ ഭൂമിയില്‍ നിന്ന് വേര്‍പ്പെടുത്തുന്നതിനും കോര്‍പറേറ്റുകള്‍ക്ക് ഭൂമി അധീനമാക്കുന്നതിനുമാണെന്ന് കര്‍ഷകര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. കമ്പോള ജനാധിപത്യത്തിന്റെ വക്താക്കളായ മോഡി ഗവണ്മെന്റ്കൃഷിയെയും കര്‍ഷകരെയും തുറന്ന മത്സരാധിഷ്ഠിത കമ്പോളത്തിന്റെ ഔദാര്യത്തിനു വിടുകയാണ് ചെയ്തത്. കൃഷി അങ്ങനെ ഒരു വ്യാപാര വ്യവസ്ഥയുടെ കീഴില്‍ നിലനില്‍ക്കില്ലെന്ന് കര്‍ഷകര്‍ തിരിച്ചറിഞ്ഞു . മറ്റു  രാജ്യങ്ങളിലെ കൃഷി പോലെയല്ല ഇന്ത്യയിലെ കൃഷി.
ഇന്ത്യയിലെ ജിഡിപിയില്‍ കേവലം ആറിലൊന്ന് മാത്രം വരുന്നതാണ് കാര്‍ഷിക മേഖല. എന്നാല്‍ രാജ്യത്തെ ജനങ്ങളില്‍ മുഴുവന്‍ പേരുടെയും ഭക്ഷണവും മൂന്നില്‍ രണ്ട് പേരുടെ ജീവനോപാധികളും കൃഷിയെ ആശ്രയിച്ചാണ്. യു എസിലും മറ്റും കേവലം രണ്ട് ശതമാനം പേരാണ് കൃഷി പ്രധാന വരുമാനമായുള്ളത്. ഇന്ത്യയില്‍ ചെറുകിട ഭൂഉടമകളാണ് മഹാ ഭൂരിപക്ഷവും. ഒപ്പം ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാത്ത വലിയൊരു വിഭാഗം കര്‍ഷകത്തൊഴിലാളികളും ഉണ്ട്. ഉത്പന്ന വില കമ്പോള വ്യവസ്ഥക്കു വിട്ടാല്‍ വന്‍ തോതില്‍ പണം ഇറക്കാന്‍ കഴിയുന്ന കോര്‍പറേറ്റുകള്‍ അതിന്റെ നിയന്ത്രണം കൈയാളും. കര്‍ഷകരുടെ രക്തം അവര്‍ ഊറ്റിക്കുടിക്കും. വിളവെടുക്കുന്ന കാലത്ത് കമ്പോളവില താഴ്ത്തി അവ ശേഖരിക്കാനും സംഭരിക്കാനും സംസ്കരിക്കാനും ഇവര്‍ക്ക് കഴിയും. എങ്ങനെയും വിളവുകള്‍ വിറ്റ് കടം വീട്ടേണ്ടതിനാല്‍ അവര്‍ക്ക് മറ്റു വഴികളില്ല. ഇതിനുള്ള ഒരു ചെറിയ പരിഹാരമായിരുന്നു ഉത്പന്നങ്ങളുടെ താങ്ങു വില എന്നത്.
പുതിയ കേന്ദ്ര നിയമങ്ങളുടെ ഏറ്റവും പ്രധാന പ്രശ്‌നം അതില്‍ താങ്ങുവില ഉറപ്പാക്കുന്നില്ല എന്നതാണ്. ഇതാണ് കര്‍ഷകരെ രോക്ഷാകുലരാക്കിയത് .ഈ സാഹചര്യത്തില്‍ വരാന്‍ വരാന്‍ പോകുന്ന കര്‍ഷകരുടെ കഷ്ടതകള്‍ കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട് .ആ ബോധ്യത്തിനൊപ്പം നിലകൊള്ളുകയാണ് കോണ്‍ഗ്രസ് .ഈ സമരത്തിന്റെ തുടക്കം രാഹുല്‍ ഗാന്ധിയില്‍ നിന്നായിരുന്നു എന്നതും നമുക്ക് അഭിമാനിക്കാവുന്ന തന്നെ .കര്‍ഷകരുടെ ഭാരതത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കേണ്ടത് .അതിനായി നമുക്ക് ഇന്ത്യന്‍ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളാം .ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ഭാരതത്തിലെ കര്‍ഷകര്‍ക്കൊപ്പം ,അവരുടെ നിലപാടുകള്‍ക്കൊപ്പം നിലകൊള്ളുന്നതായി ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട്, കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍, വൈസ് പ്രസിഡന്റ് ജോസ് ചാരുംമൂട് എന്നിവര്‍ മീറ്റിംഗില്‍ കര്‍ഷക ബില്ലിന് എതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.