കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പിടികൂടിയ ലഹരിവസ്തുക്കൾ കടത്തിയത് സിപിഎം നേതാവിന്റെ ലോറിയിലാണെന്ന് കണ്ടെത്തൽ. ആലപ്പുഴ നഗരസഭയിലെ സിപിഎം കൗൺസിലർ എ ഷാനവാസിന്റേതാണ് ലോറി എന്ന് പോലീസ് കണ്ടെത്തി. അനധികൃതമായി എത്തിച്ച ഒരു കോടി രൂപയുടെ പാൻമസാലയാണ് ഇന്നലെ കരുനാഗപ്പള്ളിയിൽ വെച്ച് പോലീസ് പിടികൂടിയത്. 

പച്ചക്കറികൾക്കൊപ്പം ലോറികളിൽ കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് രണ്ടു ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് സംഭവം. ഇതിൽ കെ എൻ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കൾ കടത്തിയതതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

കർണാടകയിൽ നിന്നാണ് പാൻമസാലകൾ എത്തിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. സവാള ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാക്കറ്റുകൾ. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാൻ മസാല പാക്കറ്റുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. ലോറി ഉടമയായ ഷാനവാസ് സിപിഎം കൗൺസിലറും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമാണ്. 

ഷാനവാസിന് കേസിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിക്ക് മാസവാടകയ്ക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വാദം. കരാർ സംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തു വിട്ടിട്ടുണ്ട്. ഈ രേഖകൾ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. 

വാഹനം പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പ്, ജനുവരി ആറിനാണ് കരാറിൽ ഒപ്പുവെച്ചു എന്നാണ് രേഖയിൽ വ്യക്തമാക്കുന്നത്. എന്നാൽ സാക്ഷികളായി ആരും ഒപ്പു വെച്ചിട്ടുമില്ല. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. കേസിൽ രണ്ട് ആലപ്പുഴ സ്വദേശികൾ ഉൾപ്പെടെ മൂന്നുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ്, കരുനാഗപ്പള്ളി സ്വദേശി ഷമീർ എന്നിവരാണ് പിടിയിലായത്.