കൊച്ചി:കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്നലെ കസ്റ്റംസ് ഇയാളെ കണ്ണൂര്‍ അഴിക്കോട്ടെ വീട്ടിലടക്കമെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് ലാപ്‌ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ പരിശോധനയ്ക്ക് അയക്കും.

അര്‍ജുന്‍ ആയങ്കി, മുഹമ്മദ്‌ ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.ടി പി വധക്കേസ് പ്രതികളായ കൊടി സുനിയും, മുഹമ്മദ് ഷാഫിയും സ്വ‌ര്‍ണക്കടത്തിലും, ഒളിവില്‍ കഴിയാനും തന്നെ സഹായിച്ചിരുന്നുവെന്ന് അര്‍ജുന്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു.

അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ചില നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. ഈ മാസം ഏഴിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.