മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതം പിടികൂടി. 1691 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. സംഭവത്തിൽ ഒരാൾ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായിട്ടുണ്ട്.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് സ്വർണ്ണ മിശ്രിതം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആദ്യം ഇമിഗ്രേഷൻ കൗണ്ടറിനടുത്തുള്ള ശുചിമുറിയിൽ നിന്നുമാണ് മിശ്രിതം പിടിച്ചത്. 1210 ഗ്രാം സ്വർണ്ണ മിശ്രിതമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. രണ്ട് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഇത്.
പിന്നീട് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കുറ്റ്യാടി സ്വദേശിയായ മജീദിൽ നിന്നും സ്വർണ്ണ മിശ്രിതം പിടികൂടി. ഇയാളുടെ പക്കൽ നിന്നും 481 ഗ്രാം മിശ്രിതം ആണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്.