ജെറുസലേം : ഇസ്രയേലുമായുള്ള വാക്സിന്‍ ഇടപാട് പലസ്തീന്‍ റദ്ദാക്കി. ഇസ്രയേല്‍ നല്‍കിയ 90,000 ഡോസ് വാക്സിന്റെ കാലാവധി ഈ മാസംതന്നെ കഴിയുമെന്നറിഞ്ഞതിനാലാണ് ഈ പിന്മാറ്റം. ഫൈസര്‍ കമ്ബനിയുടെ വാക്സിന്‍ കൈമാറാനാണ് ഇസ്രയേല്‍ പലസ്തീന്‍ അതോറിറ്റിയുമായി കഴിഞ്ഞദിവസം കരാറുണ്ടാക്കിയത്.

ഐക്യരാഷ്ട്രസഭയുടെ കോവാക്സ് പദ്ധതിയുടെ ഭാഗമായി പലസ്തീനു ലഭിക്കുന്ന ഫൈസര്‍ വാക്സിന്‍ ഇക്കൊല്ലം സെപ്റ്റംബറിലോ ഒക്ടോബറിലോ എത്തുമ്ബോള്‍ ഇസ്രയേലിനു കൈമാറണമെന്നായിരുന്നു ഇരു രാജ്യങ്ങളുടെയും കരാര്‍ വ്യവസ്ഥ. എന്നാല്‍, കരാറില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ പാലിക്കുന്നതില്‍ ഇസ്രയേല്‍ വീഴ്ചവരുത്തിയതിനാലാണ് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യയുടെ നിര്‍ദേശപ്രകാരം അതു റദ്ദാക്കുന്നതെന്ന് വക്താവ് ഇബ്രാഹിം മെല്‍ഹെം പറഞ്ഞു.
വാക്‌സിന്റെ കാലാവധി ഈ മാസം അവസാനിക്കുമെന്നതിനാല്‍ ഈ കുറഞ്ഞസമയംകൊണ്ട് വാക്സിന്‍ ജനങ്ങള്‍ക്കു നല്‍കിത്തീര്‍ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവ തിരസ്കരിച്ചെന്നും പലസ്തീന്‍ ആരോഗ്യമന്ത്രി മായി അല്‍കൈല പറഞ്ഞു.