കർഷകർക്ക് പിന്നാലെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളും കേന്ദ്രസർക്കാർ ചട്ടത്തിനെതിരെ സമരത്തിന് തയാറെടുക്കുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കരട് തൊഴിൽ വേതന ചട്ടത്തിന് എതിരായ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിയ്ക്കാനാണ് വിവിധ ട്രേഡ് യൂണിയനുകളുടെ നേത്യത്വത്തിൽ നീക്കങ്ങൾ തുടങ്ങിയത്. തൊഴിൽ വേതന ചട്ടം തൊഴിലാളികളുടെ വേതനം കുറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. അതേസമയം, ചട്ടം സംബന്ധിച്ച് ആവശ്യമെങ്കിൽ തൊഴിലാളികളുമായി ചർച്ച നടത്തും എന്ന് തൊഴിൽ മന്ത്രി സന്തോഷ് ഗ്യാങ് വാർ വ്യക്തമാക്കി.

കർഷക സമരത്തിന് പിന്നാലെ രാജ്യത്ത് ഉയരുക സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സമരമാകുമോയെന്ന സൂചനയാണ് പ്രമുഖ ട്രേഡ് യൂണിയനുകൾ നൽകുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കരട് തൊഴിൽ വേതന ചട്ടത്തിനെതിരെയാകും പ്രക്ഷോഭം. ചട്ടം അനുസരിച്ച് സ്വകാര്യ കമ്പനികൾ ശമ്പള വ്യവസ്ഥ പുനർനിർണയിക്കുമ്പോൾ തൊഴിലാളികൾക്ക് വീട്ടിൽ കൊണ്ടുപോവാൻ കിട്ടുന്ന തുകയിൽ വലിയ കുറവ് ഉണ്ടാകും എന്നതാണ് പ്രധാന വിമർശനം. ഇതിന്റെ മറവിൽ മറ്റ് ആനുകൂല്യങ്ങൾ നഷ്ടമാകുന്ന സാഹചര്യവും തൊഴിലാളികൾ ഭയക്കുന്നു. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതലാണ് പുതിയ വേതന നിയമം പ്രാബല്യത്തിൽ വരുന്നത്. മൊത്തം അലവൻസുകൾ ആകെ ശമ്പളത്തിന്റെ പകുതിയിൽ കൂടരുതെന്നാണ് പുതിയ വ്യവസ്ഥ. ഇത് പാലിക്കണമെങ്കിൽ അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിന്റെ പകുതിയായി ഉയർത്തേണ്ടിവരും. അടിസ്ഥാന ശമ്പളം വർധിപ്പിക്കുേമ്പാൾ ഗ്രാറ്റ്വിറ്റി, പി.എഫ് എന്നിവയിലേക്കുള്ള വിഹിതം കൂടുകയും കൈയിൽ കിട്ടുന്ന തുക കുറയുകയും ചെയ്യും.

അതേസമയം, പുതിയ പരിഷ്‌കരണം ജീവനക്കാരുടെ സാമൂഹിക സുരക്ഷിതത്വം വർധിപ്പിക്കും എന്നാണ് കേന്ദ്ര നിലപാട്. വിരമിക്കൽ ആനുകൂല്യങ്ങൾ പുതിയ നിർദ്ധേശം കൂടുമെന്നതും തൊഴിൽ മന്ത്രാലയം പറയുന്നു. ഇക്കാര്യത്തിൽ തൊഴിലാളികളെ വസ്തുതകൾ ബോധ്യപ്പെടുത്താൻ സാധിയ്ക്കും എന്നും തൊഴിൽ മന്ത്രി സന്തോഷ് ഗ്യാങ് വാർ വ്യക്തമാക്കി. നിലവിൽ അടിസ്ഥാന ശമ്പളം കുറച്ച് അലവൻസുകൾ കൂട്ടി നൽകുകയാണ് സ്വകാര്യ കമ്പനികൾ ചെയ്യുന്നത്. മൊത്തം അലവൻസുകളുടെ പകുതിപോലും അടിസ്ഥാന ശമ്പളം വരാറില്ല. ഇതാണ് മാറാൻ പോവുന്നത്. രാജ്യത്ത് സ്വകാര്യ കമ്പനികളാണ് ശമ്പളം കുറച്ച് ആനുകൂല്യങ്ങൾ കൂട്ടി നൽകുന്നത്. പുതിയ ചട്ടങ്ങൾ വഴി ശമ്പളച്ചെലവ് 10 മുതൽ 12 വരെ ശതമാനം വർധിക്കുമെന്ന് നിരവധി കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. കരട് ബില്ലിനെതിരെ ആദ്യം സൂചനാ സമരവും പിന്നീട് ദേശവ്യാപക സമരവുമാവും സംഘടിപ്പിക്കുക. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാകും സമരം നടത്തുക.