ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മൂര്‍ദ്ധന്യതയില്‍ നില്‍ക്കവേ ഡെമോക്രാറ്റിക്ക് വൈസ് പ്രസിഡന്റ് നോമിനിയും ഇന്ത്യന്‍ വംശജയുമായ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസ് കോവിഡ് നിരീക്ഷണത്തില്‍. കമലയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലിസ് അല്ലെന്‍, ഫ്‌ലൈറ്റ് ക്രൂ അംഗം എന്നിവര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആയതാണ് കമലയുടെ പ്രചാരണത്തെ നേരിട്ട് പ്രതിസന്ധിയിലാക്കിയത്. വാരാന്ത്യത്തില്‍ ജോ ബൈഡന്റെ പ്രചാരണത്തിന്റെ കുന്തമുനയായി മുന്നില്‍ നിന്ന കമല ക്വാറന്റൈനില്‍ പോകുന്നതോടെ ഡെമോക്രാറ്റുകള്‍ നേരിടുന്നതു വലിയ തിരിച്ചടിയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പോസിറ്റിവായതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്നില്‍ പോയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വീണു കിട്ടിയ തുറുപ്പു ചീട്ടായി കമലയുടെ സ്റ്റേ അറ്റ് ഹോം മാറും. ഇപ്പോഴത്തെ അവസ്ഥയില്‍ മറ്റുള്ളവരുടെ സുരക്ഷയെ പ്രതി പ്രചാരണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായും റാലികളില്‍നിന്നും മാറി നില്‍ക്കുന്നതായും കമല തന്നെയാണ് അറിയിച്ചിരിക്കുന്നത്.

ഡെമോക്രാറ്റിക്ക് പാര്‍ട്ടി റാലികളിലെ വലിയ ആവേശമായി കമല മാറിയത് വളരെ പെട്ടെന്നായിരുന്നു. തന്റെ സംസ്ഥാനത്ത് വലിയ തോതില്‍ വോട്ടര്‍മാരില്‍ ആവേശം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. കമലയുടെ പ്രസംഗങ്ങള്‍ പാര്‍ട്ടി അണികള്‍ക്ക് നല്‍കിയ ആവേശം ചെറുതായിരുന്നില്ല. ഇതിന്റെ മുന്നില്‍ പലപ്പോഴും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതു കൊണ്ടു തന്നെ അടുത്തയൊരാഴ്ചത്തേക്കെങ്കിലും കമല മാറിനില്‍ക്കുന്നത് ഡെമോക്രാറ്റുകളുടെ നിറം കെടുത്തിയേക്കാം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വീണു കിട്ടിയ അവസരം പരമാവധി മുതലാക്കാന്‍ ശ്രമിക്കുന്നുണ്ട്. മാസ്‌ക്കുകള്‍ അഴിക്കാതെയിരുന്നിട്ടും ഭയപ്പെട്ട് ജനങ്ങളില്‍ നിന്നും അകലം പാലിച്ചിട്ടും കമലയ്ക്ക് ക്വാറന്റൈനില്‍ പോകേണ്ടി വന്നുവെന്നും, ഇത്തരമൊരു വ്യക്തിക്കാണോ നിങ്ങളുടെ വോട്ടെന്നും അവര്‍ ചോദിക്കുന്നു. പുരോഗമനവാദിയാണെങ്കില്‍ പോലും രോഗത്തെ ഭയപ്പെടുന്നവര്‍ വീട്ടിലിരിക്കുന്നതു തന്നെയാണ് നല്ലതെന്നും അവര്‍ കളിയാക്കുന്നു.

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ച് പോസിറ്റിവ് ആയിട്ടുള്ള ഒരു വ്യക്തിയുമായുള്ള അടുത്ത ബന്ധം തനിക്ക് ഉണ്ടായിട്ടില്ലെന്ന് കമല പറഞ്ഞതായി ബൈഡന്‍ പ്രചാരണ മാനേജര്‍ ജെന്‍ ഒ മാളി ദില്ലണ്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നിട്ടും വ്യാഴാഴ്ച നോര്‍ത്ത് കരോലിനയിലേക്കുള്ള കമലയുടെ മുന്‍കൂട്ടിയുള്ള യാത്ര റദ്ദാക്കി, തിങ്കളാഴ്ച വരെ അവര്‍ ക്വാറന്റൈനില്‍ തുടരും. ‘ബൈഡനും, കമലയ്ക്കും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ല. പോസിറ്റിവീ പരീക്ഷച്ചവരുമായി അവര്‍ കഴിഞ്ഞ 48 മണിക്കൂറായി ബന്ധപ്പെട്ടിട്ടുമില്ല. എന്നാല്‍ ജനങ്ങളുടെ സുരക്ഷയാണ് ഇപ്പോഴത്തെ പകര്‍ച്ചവ്യാധി കാലത്ത് വളരെ നിര്‍ണായകം, അതു കൊണ്ടു മാത്രം കമല മാറിനില്‍ക്കുന്നു,’ ഓ’മാലി ഡില്ലണ്‍ പറഞ്ഞു. ‘കമലയ്‌ക്കൊപ്പമുണ്ടായിരുന്ന ഇപ്പോള്‍ പോസിറ്റിവായ വ്യക്തികളില്‍ രണ്ടു പേരും വ്യക്തിപരവും പ്രചാരണരഹിതവുമായ പരിപാടികളില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ കാമ്പെയ്‌നിന്റെ കര്‍ശനമായ ആരോഗ്യ പ്രോട്ടോക്കോളുകള്‍ പ്രകാരം, ഈ വ്യക്തിഗത ഇവന്റുകളില്‍ നിന്ന് കാമ്പെയ്‌നുമായി മുന്നോട്ടു പോകുന്നതിന് മുമ്പ് ഇരുവരെയും കോവിഡ് പരീക്ഷിക്കേണ്ടതുണ്ടായിരുന്നു. അത്തരമൊരു പരിശോധനയിലാണ് ഇപ്പോള്‍ ഫലം പോസിറ്റിവായത്, ഈ പ്രോട്ടോക്കോളുകള്‍ കാമ്പെയ്‌നിനെയും സ്റ്റാഫിനെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരെയും പരിരക്ഷിക്കാന്‍ സഹായിക്കുന്നു; അത്തരം പ്രോട്ടോക്കോളുകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം, ചുമതലകള്‍ പുനരാരംഭിക്കുന്നതിന് മുമ്പുള്ള പരിശോധന, വ്യക്തിപരമായി ജോലി ചെയ്യുമ്പോള്‍ പതിവായുള്ള പരിശോധന, മാസ്‌കിംഗ് കാമ്പെയ്ന്‍ ഡ്യൂട്ടികളിലായിരിക്കുമ്പോഴുള്ള സാമൂഹിക അകലം എന്നിവ ഒരിക്കല്‍ കൂടി ആരോഗ്യസുരക്ഷിതത്വം ഉറപ്പാക്കുന്നു.’

ട്രംപ് പോസിറ്റീവ് കൊറോണ വൈറസ് പരിശോധനകള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നതിന് വിപരീതരീതിയിലാണ് ബൈഡെന്‍ പ്രചാരണത്തെ കാണുന്നത്. കര്‍ശനമായ ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് അവരുടെ പ്രചാരണപരിപാടികളും റാലികളും ഇപ്പോഴും നടക്കുന്നത്. ഇക്കാര്യത്തില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ തന്നെ വലിയൊരു ടീം പ്രവര്‍ത്തിക്കുന്നു. പോസിറ്റീവ് ടെസ്റ്റിന് മുമ്പ് ട്രംപിന്റെ പ്രാഥമിക കോണ്ടാക്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, കമല നെഗറ്റാവായിരിക്കുമ്പോഴും പ്രാഥമിക കോണ്ടാക്ടുകളിലുള്ളവര്‍ പോസിറ്റിവായത് അവര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള ഡിബേറ്റിന്റെ പിറ്റേന്ന് ഒക്ടോബര്‍ എട്ടിന് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലിസ് അല്ലെന്‍ ഫ്‌ലൈറ്റ് ക്രൂ അംഗവും ഹാരിസിനൊപ്പം ഒരു വിമാനത്തില്‍ ഉണ്ടായിരുന്നു.

‘ഫ്‌ലൈയിങ് സമയത്ത്, കമല ഒരു എന്‍95 മാസ്‌ക് ധരിച്ചിരുന്നു, രണ്ട് വ്യക്തികള്‍ക്കും മാസ്‌ക്കുണ്ടായിരുന്നു. അവരെല്ലാം തന്നെ 6 അടി അകലത്തിലായിരുന്നു. 15 മിനിറ്റിലധികം അവര്‍ അടുത്ത് ഉണ്ടായിരുന്നതുമില്ല,’ ഓ’മെല്ലി ഡില്ലണ്‍ പറഞ്ഞു. ഫ്‌ലൈറ്റിന് മുമ്പും ശേഷവും അലനും ഫ്‌ലൈറ്റ് ക്രൂ അംഗവും നെഗറ്റീവ് പരീക്ഷിച്ചു, ഫ്‌ലൈറ്റിലെ മറ്റെല്ലാ സ്റ്റാഫുമാരും നെഗറ്റീവ് പരീക്ഷിച്ചു, അവര്‍ പറഞ്ഞു. അണുബാധയുടെ സാധ്യതയുള്ള സമയത്ത് വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരേയും അറിയിക്കുന്നതിനായി ബൈഡെന്‍ കാമ്പെയ്ന്‍ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് ശക്തമാണെന്നും അവര്‍ പറഞ്ഞു. ഇതു പാലിക്കുന്നതിന്റെ ഭാഗമായാണ് കമല ക്വാറന്റൈനിലേക്ക് പോവുന്നതെന്നും ഡില്ലണ്‍ വെളിപ്പെടുത്തി.

കമലയുടെ ഭര്‍ത്താവ് ഡഗ് എംഹോഫ് മിനസോട്ടയിലേക്ക് പോകാനുള്ള പദ്ധതിയും ബൈഡെന്റെ പ്രചരണപരിപാടികളില്‍ പങ്കെടുക്കാനുള്ള തീരുമാനവും റദ്ദാക്കി. വ്യാഴാഴ്ച ബൈഡനുമായി പ്രചാരണം നടത്താന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നു. ഒരു പോസിറ്റിവ് വ്യക്തിയുമായി അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടിട്ടില്ലാത്തതിനാല്‍ വെള്ളിയാഴ്ച വ്യക്തിഗത പ്രചാരണത്തിലേക്ക് മടങ്ങിവരുമെന്ന് കാമ്പെയ്ന്‍ അറിയിച്ചു.

കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് സുരക്ഷിതമായ പ്രചാരണം നടക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എംഎസ്എന്‍ബിസിയുടെ റേച്ചല്‍ മാഡോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല ‘ഞങ്ങള്‍ വളരെ സുരക്ഷിതരാണ്’ എന്ന് ബുധനാഴ്ച പറഞ്ഞിരുന്നു. മാസ്‌ക്ക് ധരിച്ച ബൈഡെന്‍ പ്രചാരണത്തെ ട്രംപ് കളിയാക്കുന്നുവെന്ന് ഓര്‍മ്മിച്ചപ്പോള്‍ ഹാരിസ് ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞതിങ്ങനെ, ‘ഞാന്‍ ജനങ്ങളെ കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, ഈ ദിവസങ്ങളില്‍ അവരെ ആലിംഗനം ചെയ്യരുത്. അതൊരു ഓപ്ഷനല്ല. നിങ്ങള്‍ക്ക് കൈ കുലുക്കാന്‍ കഴിയില്ല. പക്ഷേ നിങ്ങള്‍ക്ക് ആളുകളുടെ കണ്ണില്‍ നോക്കാനാകും, നിങ്ങള്‍ക്ക് കേള്‍ക്കാനും നിങ്ങള്‍ക്ക് അവിടെ ഉണ്ടായിരിക്കാനും കഴിയും, അവര്‍ എവിടെയായിരിക്കണമെന്നത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു, പക്ഷേ അവരുടെ സുരക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് ഒരു അപകടവും ഉണ്ടാകാത്ത വിധത്തില്‍ വേണം ഇതൊക്കെയും ചെയ്യേണ്ടത്, ‘ കമല വ്യക്തമാക്കി.