തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ടും മാത്രമെ ഈ മേഖലയിലല്‍ ഉള്ളവര്‍ക്ക് യാത്ര അനുമതി നല്‍കുകയുള്ളുവെന്നും ഇത്തരം ആവശ്യങ്ങള്‍ക്കായി തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്നും പാസ് വാങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സംസ്ഥാനത്ത് നിലവില്‍ ഏര്‍പ്പെടുത്തിയ യാതൊരു ലോക്ക്ഡൗണ്‍ ഇലനുകളും ബാധകമായിരിക്കില്ല. ശക്തമായ നിയന്ത്രണങ്ങള്‍ ആയിരിക്കും. ഒപ്പം നിലവില്‍ ദേശിയ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജൂണ്‍ 30 വരെയുള്ള നിയന്ത്രണങ്ങള്‍ ഇവിടെ തുടരും.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ദിവസവും ജോലിക്കെത്തി മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസത്തെ കാലാവധിയുള്ള പ്രത്യേക പാസ് നല്‍കാനാണ് നിര്‍ദേശം. ഒപ്പം പൊതുമരാമത്ത് ജോലികള്‍ക്കായി കേരളത്തില്‍ എത്തുന്നവര്‍ക്ക് 10 ദിവസം കാലാവധിയുള്ള പാസാണ് നല്‍കുക. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് എടുക്കണം.
കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹോട്ട്‌സ്‌പോര്‍ട്ടുകളുടെ എണ്ണവും വര്‍ധിക്കുകയാണ്.
സംസ്ഥാനത്ത് അഞ്ച് പ്രദേശങ്ങളെ കൂടിയാണ് ഇന്ന് ഹോട്ട്‌സ് പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ പ്രദേശങ്ങളെയാണ് പുതുതായി ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഹോട്ട്‌സ്‌പോര്‍ട്ടുകളുടെ എണ്ണം 121 ആയിരിക്കുകയാണ്.
കേരളത്തില്‍ ഇന്നലെ 10 പ്രദേശങ്ങള്‍ ആയിരുന്നു ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശേരി മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുനിസിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളെയായിരുന്നു ഇന്നലെ ഹോട്ട്സ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പുറമെയാണ് ഇന്ന് കണ്ണൂര്‍ ജില്ലയിലും പാലക്കാട് ജില്ലയിലുമായി 5 പുതിയ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ കൂടി പ്രഖ്യാപിച്ചത്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ച 57 പേരില്‍ പാലക്കാട് രണ്ട് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.
കാസര്‍കോട് 14, മലപ്പുറം 14, തൃശ്ശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറമാകുളം മൂന്ന്, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍. സംസ്ഥാനത്ത് ഇന്ന് 18 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. മലപ്പുറത്ത് 7 പേരും തിരുവനന്തപുരത്തും കോട്ടയത്തും മൂന്ന് പേരും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഓരോരുത്തര്‍ വീതവും നെഗറ്റീവ് ആയി.