അബുദാബി: 13-ാം ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ കണക്കു തീര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ തോല്‍വിക്ക് ചെന്നൈ പ്രതികാരം ചെയ്തത്. വിരമിക്കല്‍ പ്രഖ്യാപിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ മടങ്ങി വരവിനും അബുദാബി വേദിയായി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിനു 162 റണ്‍സാണ് നേടിയത്. മറുപടിയി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ ആറിനു രണ്ടു വിക്കറ്റെന്ന നിലയില്‍ പതറിയെങ്കിലും മൂന്നാം വിക്കറ്റിലെ റായ്ഡു-ഡുപ്ലസി സെഞ്ച്വറി (115) കൂട്ടുകെട്ടാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. 19.2 ഓവറില്‍ അഞ്ചു വിക്കറ്റിന് ചെന്നൈ ലക്ഷ്യത്തിലെത്തി. 48 പന്തില്‍ 71 റണ്‍സെടുത്ത അമ്പട്ടി റായിഡുവാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. ഫാഫ് ഡുപ്ലസി പുറത്താകാതെ 58 റണ്‍സെടുത്തു. പുറത്താകാതെ രണ്ട് പന്തുകള്‍ നേരിട്ടെങ്കിലും ധോണിക്ക് റണ്‍സ് നേടാനായില്ല.

മറുഭാഗത്ത് ഒരു സമയം വരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മുംബൈയ്ക്ക് അവസരങ്ങള്‍ മുതലാക്കാനായില്ല. മുംബൈ നിരയില്‍ ഒരാള്‍ പോലും അര്‍ദ്ധ സെഞ്ച്വറി കടക്കാതിരുന്ന മത്സരത്തില്‍ സൗരഭ് തിവാരിയായിരുന്നു (42) ടോപ്സ്‌കോറര്‍. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് 33 റണ്‍സെടുത്തു. മൂന്നു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയാണ് ചെന്നൈ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ദീപക് ചഹറും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ ചെന്നൈ ടീമിലെ അരങ്ങേറ്റക്കാരായ പിയൂഷ് ചൗളയും സാം കറനും ഓരോ വിക്കറ്റ് വീതമെടുത്തു.