ബീജിംഗ്: ഓസ്‌ട്രേലിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ചൈനീസ് മന്ത്രാലയം രാജ്യത്തെ എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടു. കൊവിഡിന് കാരണം ചൈനയാണെന്ന് ആരോപിച്ച് വംശീയ വിവേചനവും ആക്രമണവും നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ചൈനീസ് സര്‍ക്കാരിന്റെ തീരമാനം. സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രാലയം വെള്ളിയാഴ്ച ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കൊവിഡിന് കാരണക്കാരെന്ന് ആരോപിച്ച് ലോകരാജ്യങ്ങളും ചൈനയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. കൂടാതെ ചൈനയുമായുള്ള ബന്ധം വെട്ടിച്ചുരുക്കാന്‍ യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ തയ്യാറെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൗരന്മാര്‍ക്ക് യാത്ര മുന്നറിയിപ്പ് നല്‍കിയത്.
കൊവിഡിന് കാരണക്കാരെന്ന് ആരോപിച്ച് ഓസ്‌ട്രേലിയയിലെ ചൈനീസ് പൗരന്മാരെയും എഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയും വംശീയ വിവേചനവും ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ചൈനീസ് പൗരന്മാര്‍ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഓസ്‌ട്രേലിയയെ കൂടാതെ അമേരിക്കയിലെ ചൈനീസ് പൗരന്മാരും ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, കൊവിഡുമായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യവുമായി നേരത്തെ ഓസ്‌ട്രേലിയ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചൈനയിലേക്ക് അന്വേഷണ സംഘത്തെ അയക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ആവശ്യത്തിന് ഓസ്‌ട്രേലിയ പിന്തുണ നല്‍കിയിരുന്നു. കൊറോണയെ നേരിടുന്നതില്‍ ചൈന പരാജയപ്പെട്ടെന്നും ഓസ്‌ട്രേലിയ കുറ്റപ്പെടുത്തിയിരുന്നു.
ചൈന വേണ്ട വിധത്തിലല്ല കൊറോണയെ നേരിട്ടതെന്ന് ഓസ്‌ട്രേലിയ പറയുന്നു. ചൈനയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും, അന്താരാഷ്ട്ര അന്വേഷണം അവര്‍ക്കെതിരെ വേണമെന്നുമാണ് ഓസ്ട്രേലിയ ആവശ്യപ്പെട്ടത്. വൈറസ് എവിടെ നിന്നാണ് ഉണ്ടായതെന്ന് ഈ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ഓസ്ട്രേലിയ ആവശ്യപ്പെട്ടു. അതേസമയം യുഎസ്സിന് സമാനമായ ആവശ്യമാണിത്. ചൈന വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മരീസ് പെയിന്‍ പറഞ്ഞു. ചൈനയുമായി ഓസ്ട്രേലിയക്കുള്ള ബന്ധം കുറച്ചുനാളായി വഷളായി കൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടുന്നുവെന്നാണ് ആരോപണം.
എന്നാല്‍ അന്ന് ഓസ്‌ട്രേലിയയുടെ ആരോപണത്തിന് മറപടിയുമായി ചൈന രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയയുടെ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് ചൈന പറഞ്ഞിരുന്നു. സുതാര്യവും സത്യസന്ധവുമായിരുന്നു ചൈനയുടെ നിലപാടുകള്‍. യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് അറിയാതെയുള്ള ആരോപണങ്ങളാണ് പെയിന്‍ നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. ചൈനയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നത് മരിച്ചവരോടുള്ള അനാദരവാണെന്നും വക്താവ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ചൈനയുടെ തീരുമാനം. ആരോഗ്യ സംഘടനകളും, യുഎന്നും, ലോകാരോഗ്യ സംഘടനയും ചൈനയില്‍ നിര്‍മിച്ചതാണ് കൊറോണവൈറസ് എന്ന കാര്യത്തില്‍ തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെ നിര്‍മിക്കാനാവില്ലെന്നാണ് വാദം.