ഒ രക്തഗ്രൂപ്പ് വിഭാഗക്കാരില്‍ കോവിഡ് രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്ന് കാണിക്കുന്ന രണ്ട് പുതിയ പഠനങ്ങള്‍ കൂടി പുറത്ത്. അതേസമയം, എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആനുകൂല്യം ഒ ഗ്രൂപ്പുകാര്‍ക്ക് ലഭിക്കുന്നത് എന്നത് കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. കോവിഡ് രോഗം ബാധിച്ചാല്‍ പോലും അത് രൂക്ഷമാകുന്നത് ഒ ഗ്രൂപ്പ് രക്തമുള്ളവരില്‍ കുറവാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
കോവിഡ് രൂക്ഷമായി ബാധിച്ച 95 രോഗികളുടെ വിവരങ്ങളും പഠനത്തിന്റെ ഭാഗമായി രക്തഗ്രൂപ്പ് തിരിച്ച് പഠനം നടത്തി. എ, എബി രക്തഗ്രൂപ്പുകാരില്‍ കോവിഡ് ഗുരുതരമായ 84 ശതമാനം പേര്‍ക്കും വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു. അതേസമയം ഒ, ബി ഗ്രൂപ്പുകാരില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നത് 61 ശതമാനത്തിനായിരുന്നു. തീവ്ര പരിചരണവിഭാഗത്തില്‍ എ, എബി രക്തഗ്രൂപ്പുകാര്‍ ശരാശരി പതിമൂന്നര ദിവസം കിടന്നു. ഒ, ബി രക്തഗ്രൂപ്പുകാരുടെ തീവ്രപരിചരണം ആവശ്യമായ ശരാശരി ദിവസങ്ങള്‍ ഒന്‍പതായിരുന്നു.
ഡെന്‍മാര്‍ക്കില്‍ നിന്നും പുറത്തുവരുന്ന ഒരു പഠനത്തില്‍ കോവിഡ് ബാധിച്ച 7422 പേരില്‍ ഒ ഗ്രൂപ്പുകാര്‍ 38.4 ശതമാനം പേര്‍ക്ക് മാത്രമാണെന്ന് പറയുന്നു. അതേസമയം, കോവിഡ് പരിശോധന നടത്താത്ത 22 ലക്ഷം പേരില്‍ ഒ ഗ്രൂപ്പുകാരുടെ വിഭാഗം 41 ശതമാനം വരും. കോവിഡ് സ്ഥിരീകരിച്ചവരില്‍ എ ഗ്രൂപ്പ് രക്തമുള്ളവരുടെ എണ്ണം 44.4 ശതമാനം വരും.
ഒ ഗ്രൂപ്പുകാര്‍ക്ക് കോവിഡില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള സംരക്ഷണം ലഭിക്കുന്നുണ്ടെന്ന്് ഇപ്പോള്‍ കരുതാനാവില്ലെന്നാണ് ഒഡെന്‍സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോ. ടോര്‍ബെന്‍ ബാരിങ്ടണ്‍ പറയുന്നത്. അതുപോലെ തന്നെ എ രക്ത ഗ്രൂപ്പാണെന്നു കരുതി ആരും പരിഭ്രമിക്കേണ്ടതില്ലെന്നും ഒ ഗ്രൂപ്പാണെന്നു കരുതി കരുതലുകളില്ലാതെ നടക്കരുതെന്നും ബ്രിട്ടിഷ് കൊളംബിയ സര്‍വ്വകലാശാലയിലെ ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മൈഫിന്‍ഡര്‍ സൈക്കോണ്‍ ഓര്‍മിപ്പിക്കുന്നു. ബ്ലഡ് അഡ്വാന്‍സസ് ജേണലിലാണ് രണ്ട് പഠനഫലങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.