തിരുവനന്തപുരം: കെ. രാധാകൃഷ്ണന് പകരം മന്ത്രിസഭയിലേക്കെത്തിയ ഒ.ആർ. കേളുവിന് വകുപ്പുകൾ നൽകിയതിൽ വിവാദം. മന്ത്രിയായിരിക്കെ കെ. രാധാകൃഷ്ണന് പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പിന് പുറമെ ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പുകളും നൽകിയിരുന്നു. എന്നാൽ വയനാട്ടിൽ നിന്ന് ആദ്യമായി ഒരു സിപിഎം നേതാവ് മന്ത്രിയാകുകയും അദ്ദേഹം ഗോത്രവിഭാഗത്തിൽനിന്ന് ആകുകയും ചെയ്യുമ്പോഴും അദ്ദേഹത്തിന് നൽകിയ വകുപ്പ് പട്ടികജാതി-പട്ടികവർഗ ക്ഷേമം മാത്രമാകുന്നുവെന്നതാണ് വിവാദത്തിന് കാരണം.

രാധാകൃഷ്ണന് നൽകിയിരുന്ന വകുപ്പുകൾ കേളുവിന് നൽകാതെ അത് എടുത്തുമാറ്റിയെന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിമർശനം. വകുപ്പുൾ എടുത്തുമാറ്റിയത് സവർണ പ്രീണനമാണെന്ന വിമർശനം ഗോത്രവർഗ നേതാവ് ഗീതാനന്ദൻ ഉയർത്തിക്കഴിഞ്ഞു. ഒ.ആർ.കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്നാണ് ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോർഡിനേറ്റർ എം ഗീതാനന്ദൻ പറയുന്നത്. 

ദേവസ്വം വകുപ്പ് നൽകാതിരുന്നത് മോശപ്പെട്ട സന്ദേശം നൽകും. സിപിഎം സവർണപ്രീണനം നടത്തുന്നുവെന്ന വ്യാഖ്യാനവുമുണ്ട്. തെറ്റ് തിരുത്തൽ പാതയിലാണ് ഇടതുപക്ഷ സർക്കാരെങ്കിൽ ഈ തീരുമാനം തിരുത്തപ്പെടണമെന്നും അദ്ദേഹം പറയുന്നു. വിഷയം പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. യുഡിഎഫ് കാലത്ത് പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള പി.കെ ജയലക്ഷ്മിയെ മന്ത്രിയാക്കിയിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഒരു മന്ത്രി പട്ടികവർഗ വിഭാഗത്തിൽ നിന്ന് വരുന്നത്.

പതിമൂന്നാം കേരളാ നിയമസഭയിലെ ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു പി. കെ ജയലക്ഷ്മി. മാനന്തവാടി മണ്ഡലത്തിൽ നിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമായിരുന്നു ജയലക്ഷ്മി. ഇടതുപക്ഷം എപ്പോഴും വിമർശിക്കുന്ന യുഡിഎഫ് പോലും ഇത്രയും പുരോഗമനപരമായ നീക്കം നടത്തിയപ്പോൾ സ്വയം പുരോഗമന പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന സിപിഎമ്മിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് വിമർശനങ്ങൾ.