ടോക്കിയോ: കൊറോണയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഒളിമ്പിക്സ് അടുത്ത വർഷം നടത്താൻ തയാറാണെന്ന് ജപ്പാൻ. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണയെ അതിജീവിക്കുമെന്ന സന്ദേശവുമായി ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ജപ്പാൻ തയാറാണ്. എല്ലാവരെയും ഒളിമ്പിക്‌സ് വേദിയിലേക്ക് സുരക്ഷിതമായി സ്വീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും യോഷിഹിഡെ പറഞ്ഞു. കൊറോണയെ തുടർന്ന് ഈ വർഷം ആദ്യമാണ് ഒളിമ്പിക് മത്സരങ്ങൾ മാറ്റിവയ്ക്കാൻ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.

ഒളിമ്പിക്‌സ് ഈ വർഷം തന്നെ നടത്തണമെന്ന നിലപാടായിരുന്നു ആദ്യം മുതൽ ജപ്പാൻ സ്വീകരിച്ചത്. എന്നാൽ നിരവധി രാജ്യങ്ങളും കായിക താരങ്ങളും എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച് രംഗത്തു വന്നതോടെ ജപ്പാൻ പ്രതിരോധത്തിലാവുകയായിരുന്നു. ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒളിമ്പിക്‌സ് മത്സരങ്ങൾ ഇതിനു മുൻപ് റദ്ദാക്കിയിട്ടുണ്ടെങ്കിലും ചരിത്രത്തിൽ ഇതാദ്യമായാണ് ഒളിമ്പിക്‌സ് മാറ്റി വെച്ചത്. ഈ വർഷം ജൂലൈ 24 മുതൽ ആഗസറ്റ് 9 വരെയായിരുന്നു ഒളിമ്പിക്‌സ് നടത്താൻ നിശ്ചയിച്ചിരുന്നത്. ഈ വർഷം നിശ്ചയിച്ച പ്രകാരം തന്നെയാകും അടുത്ത വർഷവും മത്സരങ്ങൾ നടക്കുക.