ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോൾ ഒറ്റപ്പെട്ടവരുടെ വേദനയെക്കുറിച്ച് ഹൃദയസ്പർശിയായ പാട്ടൊരുക്കി ഗായകനും ഗിറ്റാറിസ്റ്റുമായ നവീൻ. ഇംഗ്ലിഷിലാണ് നവീന്റെ സംഗീത സംരംഭം. ജീവൻ സംരക്ഷിക്കാൻ വേണ്ടി നെട്ടോട്ടമോടുന്നതിനിടയിൽ ‘ഞാൻ’ എന്ന വാക്കിനപ്പുറത്തേയ്ക്കു ചിന്തിക്കണമെന്നും അവരുടെ വേദനകളെ മനസിലാക്കാൻ ശ്രമിക്കണമെന്നുമുള്ള സന്ദേശമാണ് നവീൻ പാട്ടിലൂടെ പറഞ്ഞുവയ്ക്കുന്നത്.
‘നമുക്ക് അല്ല, ലോകത്തിനു മുഴുവനുമായുള്ള സന്ദേശമാണ് ഈ ഗാനം. നിങ്ങൾ എത്ര ഉന്നതനാണെങ്കിലും എത്രയൊക്കെ ബന്ധുമിത്രാദികൾ ഉണ്ടെങ്കിലും ഒരു നാൾ ഒറ്റപ്പെടാം. തിരക്കേറിയ ജീവിതത്തിൽ ഒറ്റപ്പെട്ട പലരെയും നാം മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ചിട്ടുണ്ടാകാം. പക്ഷേ ഒരു നോട്ടം, ഒരു പുഞ്ചിരി, ഒരിത്തിരി സഹതാപം മറ്റുള്ളവര്‍ക്കായി സമ്മാനിക്കാം. അത് അവരുടെ ജീവിതത്തിൽ പ്രത്യാശയുടെ തിരിനാളം തെളിയിക്കും. ‘ഞാൻ’ എന്നതിൽ നിന്ന് ‘നമ്മളി’ലേക്ക് അധിക ദൂരം ഇല്ല. പൊരുതാം, മുന്നേറാം ഒരുമിച്ച്’. എന്ന സന്ദേശമാണ് നവീൻ പകരുന്നത്.
‘ലോൺലി, ഐ ആം ക്രൈയിങ്’ എന്ന പേരിൽ പുറത്തിറക്കിയ പാട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കളമശ്ശേരി സ്വദേശിയായ നവീൻ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടിയ ഗായകനാണ്. മൂല്യമേറിയതും അർഥവത്തായതുമായ വരികൾ ഏറെ ചിന്തിപ്പിക്കുന്നു എന്നാണ് ആസ്വാദകപക്ഷം. ടി.എസ്.അഭിലാഷ് ആണ് പാട്ടിനു വരികളൊരുക്കിയത്.