നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന കാന്‍സറിനെ പ്രതിരോധിക്കാന്‍ നിര്‍ണായക കണ്ടുപിടുത്തവുമായി ശാസ്ത്രലോകം. മനുഷ്യ ശരീരത്തില്‍ മറഞ്ഞിരിക്കുന്ന കാന്‍സറിനെ വളരെ നേരത്തേ കണ്ടെത്തുന്നതിലൂടെ രോഗം പെട്ടെന്ന് ചികിത്സിച്ചു ഭേദമാക്കാനും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനാവും.ഇപ്പോള്‍ ഇതിന് സഹായകമാകുന്ന രക്ത പരിശോധനയുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍. ഗല്ലേറി എന്നാണ് ഈ രക്തപരിശോധനയുടെ പേര്. ഒരു വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്ബ് തന്നെ കാന്‍സര്‍ കണ്ടെത്താമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. അതു മാത്രമല്ല, 50 ലേറെ വിവിധ തരം കാന്‍സറുകളുടെ സാന്നിദ്ധ്യം ഈ രക്ത പരിശോധനയിലൂടെ വളരെ നേരത്തെ കണ്ടെത്താന്‍ കഴിയും. 50 നും അതിന് മുകളിലും പ്രായമുള്ളവരില്‍ കാന്‍സര്‍ സാദ്ധ്യത നേരത്തെ കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഈ സംവിധാനം രോഗത്തിന്റെ ദുരിതത്തില്‍ നിന്ന് നിരവധി പേരെ കരകയറ്റാന്‍ സഹായിക്കും.
കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രെയ്‌ല്‍ എന്ന കമ്ബനിയാണ് ഗല്ലേറി ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. 134,000 പേരെ പങ്കെടുപ്പിച്ച് ഗല്ലേറിയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായതിനെ തുടര്‍ന്ന് യു.എസില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഈ ടെസ്റ്റ് നിലവില്‍ നടത്താന്‍ അനുമതിയുണ്ട്. ഒരു വ്യക്തിയില്‍ നിന്ന് രക്തത്തിന്റെ സാമ്ബിള്‍ മാത്രമാണ് പരിശോധനയ്ക്ക് വേണ്ടി വരിക. ഇതിലെ ഡി.എന്‍.എയെ വിശകലനം ചെയ്താണ് രോഗനിര്‍ണയം. പത്ത് ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകും. കാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ ഏത് ഭാഗത്താണ് രൂപപ്പെടുന്നതെന്നും ഗല്ലേറി ടെസ്റ്റിന് കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. നിലവിലെ കാന്‍സര്‍ ചികിത്സകള്‍ക്കൊപ്പം ഗല്ലേറി ടെസ്റ്റ് കൂടി ഉള്‍പ്പെടുത്തുന്നതോടെ ശരീരത്തില്‍ ഒന്നിലധികം കാന്‍സര്‍ രൂപപ്പെടുന്നുണ്ടോയെന്നും കണ്ടെത്താന്‍ കഴിയും. ഗല്ലേറിയുടെ കൂടുതല്‍ സാദ്ധ്യതകളെ പറ്റി പഠനങ്ങള്‍ നടത്തി വരികയാണ് ഗവേഷകര്‍.



