വാഷിംഗ്ടണ്‍: നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്കയില്‍ ഒരു വനിതയുടെ വധശിക്ഷ നിശ്ചയിച്ചു. നീണ്ട 67 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിതയെ അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധിക്കുന്നത്. 2004ല്‍ ഗര്‍ഭിണിയായ സ്ത്രീയെ കഴുത്തുഞെരിച്ച്‌ കേസിലാണ് ലിസ മോണ്ട്ഗോമറിയെന്ന സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക. അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇതിനുമുമ്ബ് 1953ലാണ് അമേരിക്കയില്‍ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കിയത്. ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ മിസോറിയിലെ ഗ്യാസ് ചേംബറില്‍ വച്ച്‌ വധശിക്ഷയ്ക്ക് വിധേയയായ ബോണി ഹെഡിയാണ് അമേരിക്കയില്‍ ഏറ്റവും അവസാനമായി വധശിക്ഷയ്ക്ക് വിധേയയായ സ്ത്രീ. തട്ടിക്കൊണ്ടു പോകുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ആയിരുന്നു അന്ന് അവര്‍ ചെയ്തത്. ഈ കുറ്റങ്ങള്‍ ചെയ്ത അവരെ വധശിക്ഷയ്ക്ക് വിധിക്കുകയും മിസോറിയിലെ ഗ്യാസ് ചേംബറില്‍ വച്ച്‌ വധശിക്ഷ നടപ്പാക്കുകയും ആയിരുന്നു.

1999ല്‍ രണ്ട് യുവ മന്ത്രിമാരെ കൊലപ്പെടുത്തിയ കേസില്‍ ബ്രാന്‍ഡന്‍ ബര്‍ണാര്‍ഡിന്റെ വധശിക്ഷയും ഡിസംബറില്‍ നടപ്പാക്കും. വധശിക്ഷ പുനരാരംഭിക്കുമെന്ന് കഴിഞ്ഞവര്‍ഷം ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഗര്‍ഭിണിയായ ബോബി ജോ സ്റ്റിനറ്റ് എന്ന യുവതിയെ കൊലപ്പെടുത്തിയതാണ് ലിസയ്ക്ക് എതിരെയുള്ള കേസ്. 2004 ഡിസംബറില്‍ നായക്കുട്ടിയെ വാങ്ങാനെന്ന രീതിയിലാണ് മിസോറിയിലെ ബോബി ജോ സ്റ്റിനറ്റിന്റെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിനുള്ളില്‍ എത്തിയ ലിസ എട്ടുമാസം ഗര്‍ഭിണി ആയിരുന്ന സ്റ്റിന്നറ്റിനെ ആക്രമിക്കുകയായിരുന്നു. സ്റ്റിന്നറ്റിന് ബോധം മറയുന്ന സമയം വരെ അവരെ ആക്രമിച്ചിരുന്നു.

പിന്നീട്, അടുക്കളയില്‍ നിന്ന് ഒരു കത്തിയെടുത്ത് സ്റ്റിന്നന്റെ വയറ് മുറിക്കാന്‍ ആരംഭിച്ചു. ഇതിനിടയില്‍ ബോധം വന്ന സ്റ്റിന്നന്‍ എഴുന്നേല്‍ക്കുകയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഒരു പോരാട്ടം നടക്കുകയും ചെയ്തു. തുടര്‍ന്ന് ലിസ സ്റ്റിന്നനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെ കുഞ്ഞിനെ സ്റ്റിന്നന്റെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തി തന്നോടൊപ്പം കൊണ്ടു പോകുകയും ചെയ്തു. തുടര്‍ന്ന് ഇത് തന്റെ സ്വന്തം കുഞ്ഞാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

2007ല്‍ ഒരു ജൂറി ലിസ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ഐക്യകണ്ഠമായി വധശിക്ഷയ്ക്ക് വിധിക്കുകയും ആയിരുന്നു. ലിസയെ മാരകവിഷം കുത്തിവച്ച്‌ കൊലപ്പെടുത്താനാണ് തീരുമാനം. ഡിസംബര്‍ എട്ടിനായിരിക്കും വധശിക്ഷ നടപ്പാക്കുക. അതേസമയം, കുട്ടിയായിരുന്ന കാലത്ത് തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്ന് മാനസികവൈകല്യമുള്ളയാളാണ് ലിസയെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.