പാരീസ്: പാരിസ് ഒളിംപിക്‌സില്‍ താന്‍ നേരിട്ട ആക്രമണം മറ്റൊരു താരത്തിനും ഇനി ഉണ്ടാകരുതെന്ന് അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാനെ ഖലീഫ്. വനിതകളുടെ 66 കിലോ ബോക്‌സിംഗില്‍ സ്വര്‍ണമണിഞ്ഞാണ് വിമര്‍ശകര്‍ക്ക് താരം ചുട്ട മറുപടി നല്‍കിയത്. പാരിസ് ഒളിംപിക്‌സില്‍ ഇത്രയധിതം ആരോപണങ്ങള്‍ നേരിട്ട മറ്റൊരു താരമില്ല. പുരുഷനാണെന്ന് പറഞ്ഞ് കളിയാക്കിയവരില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് വരെ. ഇടിക്കൂടില്‍ ഇതിനൊക്കെ മറുപടി നല്‍കി ഇമാനെ ഖലീഫ്.
ഫൈനലില്‍ ചൈനീസ് താരം യാങ് ലിയുവിനെ തകര്‍ത്താണ് ഇമാനെയുടെ ചരിത്ര നേട്ടം. തനിക്കെതിരെയുണ്ടായ ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ഒടുവില്‍ മനസ്സ് തുറന്ന് താരം. ”എട്ട് വര്‍ഷമായി ഇത് എന്റെ സ്വപ്നമാണ്. ഞാന്‍ ഇപ്പോള്‍ ഒളിംപിക് ചാംപ്യനും സ്വര്‍ണ മെഡല്‍ ജേതാവുമാണ്. വരുന്ന ഒളിംപിക്‌സുകളില്‍ സമാന ആക്രമണങ്ങള്‍ ആരു നേരിടരുത്. മറ്റേതൊരു സ്ത്രീയേയും പോലെ ഞാനുമൊരു സ്ത്രീയാണ്. ഞാനൊരു സ്ത്രീ ആയാണ് ജനിച്ചത്. അങ്ങനെതന്നെയാണ് ജീവിക്കുന്നത്. ഇവിടെ മത്സരിച്ചതും സ്ത്രീ ആയാണ്. അതില്‍ യാതൊരു സംശയവുമില്ല. അനാവവശ്യ വിവാദമുണ്ടാക്കുന്നവര്‍ വിജയത്തിന്റെ ശത്രുക്കളാണ്. അതാണ് അവരെ വിളിക്കാനുള്ളത്. ഇത്രയും വിമര്‍ശനങ്ങള്‍ക്കിടയിലും വിജയം നേടാനായത് ഇരട്ടിമധുരം നല്‍കുന്നു.” ഇമാനെ ഖലീഫ് പറഞ്ഞു. മെഡല്‍ നേട്ടത്തോടെ തന്നെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇമാനെ പ്രതികരിച്ചു.