കോപ്പയിലെ ഫൈനല്‍ ജയിച്ചാലും ഇല്ലെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ലയണല്‍ മെസിയെന്ന് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്കലോണി. ഒരു കിരീടം കൊണ്ടല്ല മെസിയുടെ മികവ് അളക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോപ്പ ഫൈനലിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്കലോണി

കോപ്പ ഫൈനല്‍ ജയിച്ചാലും ഇല്ലെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ലയണല്‍ മെസി. അത് തെളിയിക്കാന്‍ അയാള്‍ക്ക് ഒരു കിരീടത്തിന്റെ ആവശ്യമില്ല. മെസി മികച്ച ക്യാപ്റ്റന്‍ കൂടിയാണ്. ഫൈനലില്‍ ആരാധകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന കളിയാകും കാഴ്ച വെക്കുക എന്നും അതിനായി തങ്ങള്‍ക്ക് പദ്ധതികളുണ്ടെന്നും സ്കലോണി പറഞ്ഞു.

 

ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിലാണ് ബ്രസീല്‍- അര്‍ജന്റീന ഫൈനല്‍. കഴിഞ്ഞ തവണ സെമിഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബ്രസീലിനായിരുന്നു വിജയം. അതിന് മുന്‍പ് 2007ലെ കോപ്പയിലാണ് ബ്രസീല്‍- അര്‍‌ജന്റീനയും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്. എതിരില്ലാത്ത മൂന്നു​ഗോളുകള്‍ക്കായിരുന്നു അന്ന് ബ്രസീല്‍ വിജയിച്ചത്. സ്വന്തം രാജ്യത്തിനായി കിരീടങ്ങള്‍ നേടാത്ത താരമെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മെസിക്കും സംഘത്തിനും ഇത്തവണ സാധിക്കുമോ എന്നാണ് കായിക പ്രേമികള്‍ ഉറ്റുനോക്കുന്നത്. മുപ്പത് വര്‍ഷത്തോളം നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് ഫൈനലില്‍ മെസ്സിയും സംഘവുമിറങ്ങുന്നത്. 1993ലാണ് അര്‍ജന്റീന അവസാനമായി കോപ്പ നേടിയത്. അതിനു ശേഷം ബ്രസീല്‍ അഞ്ചു തവണ കോപ്പ കിരീടം നേടിയിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുന്ന ഫോമിലാണ് മെസിയുടെ പ്രകടനങ്ങള്‍. കളിച്ച ആറ് മത്സരങ്ങളില്‍ നിന്നായി നാല് ​ഗോളുകള്‍ നേടിയ മെസിയാണ് ​ഗോള്‍വേട്ടയിലും മുന്നിലുളളത്. ഇത് കൂടാതെ അര്‍ജന്റീന നേടിയ മറ്റ് അഞ്ച് ​ഗോളുകള്‍ പിറന്നത് മെസിയുടെ പാസുകളിലൂടെയാണ്. മത്സരങ്ങളില്‍ ഉടനീളം 20 അവസരങ്ങള്‍ സൃഷ്ടിച്ച മെസി ​ക്വാര്‍ട്ടറില്‍ അടക്കം ഇതുവരെ നാല് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ചുമായി.