ഏറ്റവുമധികം സിക്സറുകൾ പിറന്ന ഐപിഎൽ മത്സരം എന്ന റെക്കോർഡിനൊപ്പമെത്തി രാജസ്ഥാൻ-ചെന്നൈ പോരാട്ടം. 2018ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ബാംഗ്ലൂരിൽ നടന്ന മത്സരത്തിനൊപ്പമാണ് ഇന്നത്തെ പോരാട്ടം ഇടം നേടിയിരിക്കുന്നത്. ഇരു കളിയിലും 33 സിക്സറുകൾ വീതമാണ് പിറന്നത്.

2010നു ശേഷം ചെന്നൈ സൂപ്പർ കിംഗ്സിനെ ഇതാദ്യമായാണ് രാജസ്ഥാൻ റോയൽസ് തോല്പിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആകെ 17 സിക്സറുകൾ അടിച്ചു. ചെന്നൈ ആവട്ടെ ആകെ അടിച്ചത് 16 സിക്സറുകൾ. 9 സിക്സറടിച്ച മലയാളി താരം സഞ്ജുവാണ് റെക്കോർഡിലേക്ക് ഏറ്റവും കനപ്പെട്ട സംഭാവന നൽകിയത്. 7 സിക്സറുകൾ നേടിയ ചെന്നൈ താരം ഫാഫ് ഡുപ്ലെസിസ് രണ്ടാമത് എത്തി.

2018ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ചെന്നൈ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. ടീം ആകെ 16 സിക്സറുകൾ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ രണ്ട് പന്തുകളും 5 വിക്കറ്റുകളും ബാക്കി നിൽക്കെ ലക്ഷ്യം ഭേദിച്ചു. അന്ന് ചെന്നൈ ആകെ നേടിയത് 17 സിക്സറുകൾ.

16 റൺസിനാണ് ഇന്നത്തെ രാജസ്ഥാൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ. 72 റൺസെടുത്ത ഫാഫ് ഡുപ്ലെസിസ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ.