കോവിഡ് അല്ലാത്ത രോഗങ്ങള്‍ ബാധിച്ചവരെ ചികിത്സയ്ക്ക് കര്‍ണാടകത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആംബുലന്‍സില്‍ വരുന്ന രോഗികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോകണം. ഏത് ആശുപത്രിയിലേക്കെന്ന് പറയണം. കര്‍ണാടകത്തിന്റെ മെഡിക്കല്‍ സംഘം തലപ്പാടി ചെക്ക്പോസ്റ്റിലുണ്ടാകും. അവര്‍ പരിശോധിച്ചശേഷം കടത്തിവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ചതിനാല്‍ കാസര്‍കോട് ജില്ലയില്‍നിന്നുള്ള ഡയാലിസിസ് രോഗികളുടെ ചികിത്സയടക്കം മുടങ്ങി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചു. ഒന്നിലേറെ തവണ കത്തയച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും നിലപാട് തിരുത്താന്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടു. ഏതാനും രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള രോഗികള്‍ക്ക് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകത്തിലെ ബൈരക്കുപ്പ, മച്ചു, തമിഴ്നാട്ടിലെ പന്തല്ലൂര്‍, ഗൂഢല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ചികിത്സയ്ക്കായി വരുന്നത്. ഇതാണ് കേരളത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി തിങ്കളാഴ്ചമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാല് ദിവസംകൊണ്ടാണ് സൗകര്യമൊരുക്കിയത്.
ആദ്യഘട്ടത്തില്‍ 200 കിടക്കയും പത്ത് ഐസിയു കിടക്കയുമാണുള്ളത്. 100 കിടക്കയും പത്ത് ഐസിയു കിടക്കയും ഉടന്‍ സജ്ജമാക്കും. ഏഴ് കോടിയുടെ അത്യാധുനിക സംവിധാനം ആശുപത്രിയില്‍ എത്തിച്ചു. കൂടുതല്‍ സൗകര്യമൊരുക്കാന്‍ കെഎസ്‌ഇബി 10 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.