ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: എഫ്ഡിഎ അടിയന്തര അംഗീകാരം നല്‍കിയതോടെ ഫൈസര്‍ വാക്‌സിന്‍ ആഴ്ചയുടെ ആദ്യം മുതല്‍ വിതരണം ചെയ്യാന്‍ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും തിങ്കഴാഴ്ച മുതല്‍ ഫൈസര്‍ വാക്‌സിന്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിതരണം ചെയ്യുമെന്ന് ഏകദേശം ഉറപ്പായി. ഫൈസറിനു പിന്നാലെ തന്നെ മോഡേണയുടെ വാക്‌സിനുള്ള അംഗീകാരവും ഉടന്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. രാജ്യത്തെമ്പാടുമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാനുള്ള ശേഷി ഇപ്പോഴില്ല. എന്നാല്‍ ആദ്യഘട്ടത്തില്‍ നല്‍കുന്നവര്‍ക്കുള്ള രണ്ടാംഘട്ട വാക്‌സിനുകള്‍ ശേഖരിച്ചു നിര്‍ത്തിയതിനു ശേഷമായിരിക്കും മറ്റുള്ളവര്‍ക്ക് ഇത് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. വാക്‌സിന്‍ നല്‍കുന്നവരുടെ പ്രാഥമിക ഡേറ്റകള്‍ ശേഖരിക്കുന്നുണ്ട്. ഇതിനു ഫെഡറല്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും.

ഫൈസറും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോ ടെക്കും വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ സ്പീഡ് വാര്‍ഫ് പദ്ധതിയില്‍ പങ്കാളികളായിരുന്നു. എന്നാല്‍, എല്ലാ സ്പീഡ് റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് കരാറില്‍ ഒപ്പിട്ട് വെറും 11 മാസം കൊണ്ടാണ് വാക്‌സിനില്‍ വിതരണത്തിനു തയ്യാറായിരിക്കുന്നത്. വാക്‌സിന്‍ നിര്‍മ്മാണമെന്നത് സാധാരണയായി വര്‍ഷങ്ങളെടുക്കുന്ന പദ്ധതിയാണെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ ഫലം കണ്ടുവെന്നത് ആധുനിക ആരോഗ്യമേഖലയുടെ വിജയമായി വാഴ്ത്തുന്നു. ഗവേഷണത്തിനും നിര്‍മ്മാണത്തിനും വിതരണത്തിനും ട്രയല്‍ റണ്ണിനുമെല്ലാം കൂടി വേണ്ടി വന്നത് ഒരു വര്‍ഷത്തില്‍ താഴെ മാത്രമെന്നതാണ് വലിയ വിജയമായി ഫൈസര്‍ ഉയര്‍ത്തി കാണിക്കുന്നത്. ബ്രിട്ടനില്‍ അതു വിതരണം തുടങ്ങി. ക്യാനഡയിലും ഉടന്‍ തന്നെ അതു വിതരണം ചെയ്തു തുടങ്ങും. എന്നാല്‍, വാക്‌സിനുകളുടെ പ്രാരംഭ അലോട്ട്‌മെന്റില്‍ അമേരിക്കക്കാര്‍ക്ക് ഫൈസറിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ലഭിക്കൂവെന്നാണ് സൂചന. 2.9 ദശലക്ഷം ഡോസ് കയറ്റുമതി ചെയ്തിട്ടുണ്ട്. ഫെഡറല്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനത്തേക്കും ഇത് അയച്ചു. തയ്യാറാക്കിയ ഡോസുകളുടെ പകുതിയോളം മാത്രമാണിത്. ബാക്കി പകുതി മൂന്നാഴ്ചയ്ക്ക് ശേഷം ആവശ്യമായ രണ്ടാമത്തെ ഡോസ് നല്‍കുന്നതിനു വേണ്ടിയുള്ളതാണ്.

ശരിയായ സമയത്ത് വാക്‌സിന്‍ ശരിയായ സ്ഥലങ്ങളില്‍ എത്തിക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി രാജ്യം മാസങ്ങളായി ലോജിസ്റ്റിക്ക് പ്രതിസന്ധിയെ നേരിടുന്നു. വരും ആഴ്ചകളില്‍ ദശലക്ഷക്കണക്കിന് ഡോസുകള്‍ നല്‍കാമെന്ന ഗവണ്‍മെന്റിന്റെ വാഗ്ദാനം പാലിക്കപ്പെടേണ്ടി വരുന്നതോടെ വിതരണം വീണ്ടും രൂക്ഷമായ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം. ഇപ്പോള്‍ തന്നെ വാക്‌സിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കള്‍ പാടുപെടുകയാണ്. വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന ബാഗുകള്‍ പോലുള്ള വസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമുണ്ട്. ചൈനയാണ് ഇവയുടെ വലിയ ഉത്പാദകര്‍. എന്നാല്‍, ചൈനയുമായുള്ള ഇറക്കുമതിയില്‍ യുഎസ് നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പാക്കറ്റുകള്‍ കുറവാണെന്നാണ് സൂചന.

2020 ല്‍ 40 ദശലക്ഷം ഡോസുകള്‍ ലഭിക്കുമെന്ന് യുഎസ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നു, ഇത് 300 ദശലക്ഷം എന്ന ലക്ഷ്യത്തില്‍ നിന്ന് എത്രയോ അകലെയാണെന്ന് ഓര്‍ക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ മാസം ഏകദേശം 20 ദശലക്ഷം ആളുകള്‍ക്ക് മാത്രമേ ആദ്യ ഷോട്ടുകള്‍ ലഭിക്കൂ, കാരണം മുന്‍നിര വാക്‌സിനുകള്‍ക്ക് രണ്ട് ഡോസുകള്‍ ആവശ്യമാണ്. സൂപ്പര്‍സൈസിംഗ് ഡിസ്ട്രിബ്യൂഷനാണ് ഫൈസറിന്റെയും പ്രശ്‌നം. അവരുടെ വാക്‌സിന് അന്റാര്‍ട്ടിക്ക് ശൈത്യതാപനിലയില്‍ കയറ്റി അയയ്‌ക്കേണ്ടതുണ്ട്, അവ പ്രത്യേക ബോക്‌സുകളില്‍ സൂക്ഷിക്കും. മോഡേണയുടെ വാക്‌സിന് ഇത് ആവശ്യമില്ല. അത് പതിവായി ഉപയോഗിക്കുന്ന ഫ്രീസര്‍ തന്നെ സൂക്ഷിക്കാം. കമ്പനികള്‍ അവരുടെ വാക്‌സിനുകള്‍ ഉല്‍പാദന, വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിമാനത്താവളങ്ങളിലേക്ക് ട്രക്ക് ചെയ്യും, അവിടെ യുപിഎസും ഫെഡെക്‌സും ഇത് കൈകാര്യം ചെയ്യും.

ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ യുഎസിലുടനീളമുള്ള ദാതാക്കളിലേക്ക് വാക്‌സിനുകള്‍ എത്തിക്കാന്‍ ഫെഡെക്‌സും യുപിഎസും പദ്ധതിയിട്ടിട്ടുണ്ട്, എന്നാല്‍ റോള്‍ഔട്ട് തിരക്കേറിയ ഹോളിഡേ ഷിപ്പിംഗ് സീസണുമായി ഒത്തുപോകുകയും കാലതാമസം നേരിടുകയും ചെയ്‌തേക്കാമെന്ന പ്രതിസന്ധിയുണ്ട്. എന്നാല്‍ ആദ്യ പരിഗണന വാക്‌സിനുകള്‍ക്ക് തന്നെയായിരിക്കും. വാക്‌സിനുകളുടെ അന്തിമ ലക്ഷ്യസ്ഥാനം അതാത് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നു, പക്ഷേ വിതരണത്തെക്കുറിച്ച് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ കാര്യമായൊന്നും പങ്കുവെച്ചിട്ടില്ലാത്തതിനാല്‍ ആസൂത്രണം ചെയ്യാന്‍ അവര്‍ പാടുപെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സ്റ്റാഫുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി സംസ്ഥാനങ്ങള്‍ അവരുടെ ആദ്യത്തെ ഫൈസര്‍ കയറ്റുമതിയുടെ ഭൂരിഭാഗവും അള്‍ട്രാകോള്‍ഡ് ഫ്രീസറുകളുള്ള ആശുപത്രികളിലേക്ക് അയയ്ക്കും. ചില ഗ്രാമീണ ആശുപത്രികള്‍ മോഡേണയുടെ ഷോട്ടുകള്‍ക്കായി കാത്തിരിക്കും, അവ ചെറിയ ഓര്‍ഡറുകളില്‍ വരുന്നതും സംഭരിക്കാന്‍ എളുപ്പവുമാണ്.

സിവിഎസ്, വാള്‍ഗ്രീന്‍സ് എന്നിവയിലേക്ക് വാക്‌സിനുകള്‍ അയയ്ക്കാനും സംസ്ഥാനങ്ങള്‍ തീരുമാനിച്ചു, ഇത് നഴ്‌സിംഗ് ഹോം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ട് വിതരണം ചെയ്യും. ക്രമേണ വാക്‌സിന്‍ ഫാര്‍മസികള്‍, ക്ലിനിക്കുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിവയില്‍ ലഭ്യമാക്കും. അവശ്യ തൊഴിലാളികള്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുള്ള ജനങ്ങള്‍ക്കും ആദ്യം നല്‍കുന്നതിനാണ് തീരുമാനം. ഷോട്ടുകള്‍ക്ക് പുറമെ, അവ നല്‍കുന്നതിന് ദാതാക്കള്‍ക്ക് അധിക സപ്ലൈകള്‍ ആവശ്യമാണ്. ഈ കിറ്റുകള്‍ വാക്‌സിനുകളില്‍ നിന്ന് പ്രത്യേകം അയയ്ക്കും. സംഭരണം, മിക്‌സിംഗ്, റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്ക് വാക്‌സിനുകള്‍ തയ്യാറാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

ചില സന്ദര്‍ഭങ്ങളില്‍, വാക്‌സിന്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ രോഗികള്‍ക്ക് അവരുടെ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടി വരും. മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ അവരുടെ സാധനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഈ തടസ്സങ്ങളെല്ലാം അര്‍ത്ഥമാക്കുന്നത് മിക്ക യുഎസ് നിവാസികള്‍ക്കും വാക്‌സിനേഷന്‍ എടുത്തു വരുമ്പോഴേയ്ക്കും മാസങ്ങള്‍ വേണ്ടി വരുമെന്നാണ്. വാക്‌സിന്‍ വൈറസിന്റെ വ്യാപനത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതുവരെ, മാസ്‌കുകളും സാമൂഹിക അകലവും ഇപ്പോഴും അനിവാര്യമായിരിക്കുമെന്ന് ഫെഡറല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.