ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട തുടക്കം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തിട്ടുണ്ട്. സുനില്‍ നരെയ്‌ന്റെ (15) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. ജയ്‌ദേവ് ഉനദ്ഘട്ടിനാണ് വിക്കറ്റ്. ശുഭ്മാന്‍ ഗില്‍ (30), നിതീഷ് റാണ (17) എന്നിവരാണ് ക്രീസില്‍.

ആദ്യ മത്സരം പരാജയപ്പെട്ട കൊല്‍ക്കത്ത തുടര്‍ച്ചയായ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. വിജയ ടീമിനെ നിലനിര്‍ത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്തയ്ക്കെതിരെ ഇറങ്ങുന്നത്. നായകന്‍ സ്‌മിത്തും ബട്‌ലറും ഓപ്പണറായി എത്തുമ്പോള്‌ സഞ്ജുവും തെവാതിയായും മധ്യനിരയില്‍ വെടിക്കെട്ട് തീര്‍ക്കും. സഞ്ജുവിനെ കൂടാതെ മറ്റ് രണ്ട് മലയാളി സാന്നിധ്യം കൂടി ഇന്നത്തെ മത്സരത്തിനുണ്ട്.

ഫീല്‍ഡ് അമ്പയറായ കെ എന്‍ അനന്തപത്മനാഭനാണ് ഒരാള്‍. സി ഷംസുദ്ദീനൊപ്പമാണ് രാജ്യാന്തര അമ്പയറായി സ്ഥാനക്കയറ്റം ലഭിച്ച അനന്തപത്മനാഭന്‍ ഇന്ന് മത്സരം നിയന്ത്രിക്കാനിറങ്ങുന്നത്. വി നാരായണന്‍കുട്ടിയാണ് മറ്റൊരു മലയാളി. കോഴിക്കോട് സ്വദേശിയായ നാരായണന്‍കുട്ടി മാച്ച്‌ റഫറിയാണ്. കഴിഞ്ഞ വര്‍ഷം നേപ്പാള്‍-സിംബാബ്വെ മത്സരം ഉള്‍പ്പെടെ അഞ്ച് ടി20 മത്സരങ്ങളില്‍ മാച്ച്‌ റഫറിയായിട്ടുണ്ട്.