ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ഗൂഢാലോചന കേസിൽ ഒന്നാംപ്രതിയായ എസ്.വിജയനെ സി.ബി.ഐ ചോദ്യം ചെയ്തു. പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴിയെടുത്ത ശേഷമായിരുന്നു വിജയന്റെ ചോദ്യം ചെയ്യൽ. രണ്ടാംപ്രതിയായ തമ്പി എസ്. ദുർഗാദത്തിന് നോട്ടിസ് നൽകിയെങ്കിലും ഇദ്ദേഹം ചോദ്യം ചെയ്യലിനു ഹാജരായില്ല.
ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ഉന്നതതല ഗൂഢാലോചനക്കേസിലാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്. രാവിലെ സിബിഐ ഉദ്യോഗസ്ഥർ യോഗം ചേർന്ന ശേഷം ഉച്ചയ്ക്ക് നമ്പി നാരായണന്റെ വീട്ടിലെത്തി സി.ബി.ഐ സംഘം മൊഴി രേഖപ്പെടുത്തി. സി.ബി.ഐ ഡിഐജി സന്തോഷ് കുമാർ ചാൽക്കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. രണ്ടര മണിക്കൂറിലേറെ നീണ്ടുനിന്ന മൊഴിയെടുപ്പിന് ശേഷം ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കാൻ എത്തുമെന്ന് ഇവർ നമ്പി നാരായണനെ അറിയിച്ചു. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ നമ്പി നാരായണൻ സി.ബി.ഐ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. തുടർന്ന് കേസിലെ ഒന്നാം പ്രതി എസ്.വിജയനും രണ്ടാംപ്രതി തമ്പി എസ്.ദുർഗാദത്തിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടിസ് അയച്ചു. വൈകുന്നേരം എസ്.വിജയൻ സി.ബി.ഐയുടെ മുട്ടത്തറ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഒരു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷം എസ്. വിജയനെ വിട്ടയച്ചു. നമ്പി നാരായണന്റേയും വിജയന്റേയും മൊഴി വിശദമായി പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് സി.ബി.ഐ തീരുമാനം.



