ഐസിസിയുടെ ജൂണ്‍ മാസത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങളായി പുരുഷ വിഭാഗത്തില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയയെയും വനിതാ വിഭാഗത്തില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ സോഫി എക്ലിസ്റ്റണെയും തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനവുമാണ് കോണ്‍വേയെ നേട്ടത്തിനര്‍ഹനാക്കിയത്.
ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. കൂടാതെ ഐസിസിയുടെ ‘പ്ലെയര്‍ ഓഫ് ദി മന്ത്’ ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ന്യൂസിലന്‍ഡ് പുരുഷ താരമാണ് കോണ്‍വെ. ന്യൂസിലന്‍ഡിന്റെ തന്നെ മറ്റൊരു താരമായ കെയ്ല്‍ ജയ്മിസണെയും സൗത്ത് ആഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിനെയും പിന്തള്ളിയാണ് കോണ്‍വെ ഈ നേട്ടം സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഷഫാലി വര്‍മ്മയേയും സ്നേഹ് റാണയെയും പിന്തള്ളിയാണ് സോഫി എക്ലിസ്റ്റണിന് നേട്ടം സ്വന്തമായത്.
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റിലെയും ഏകദിനത്തിലെയും മികച്ച പ്രകടനമാണ് എക്ലിസ്റ്റണിനെ പുരസ്‌ക്കാരത്തിനര്‍ഹയാക്കിയത്. ടെസ്റ്റില്‍ എട്ടു വിക്കറ്റും, രണ്ട് ഏകദിനങ്ങളില്‍ നിന്നായി മൂന്ന് വിക്കറ്റുകളും എക്ലിസ്റ്റണ്‍ സ്വന്തമാക്കിയിരുന്നു.



