ഐഎന്‍എല്‍ നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇ സി മുഹമ്മദ്. പിഎസ്‌സി അംഗമാകാന്‍ 40 ലക്ഷം രൂപ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ദേശം വെച്ചത് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആണെന്ന് ഇ സി മുഹമ്മദ് പറയുന്നു. ഇ സി മുഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നതിനിടെയാണ് ആരോപണം. ആരോപണങ്ങള്‍ ഐഎന്‍എല്‍ നിഷേധിച്ചു.

പാര്‍ട്ടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റേയും കാസിം ഇരിക്കൂറിന്റേയും ഏകാധിപത്യമാണ്. കാസിം ഇരിക്കൂര്‍ മന്ത്രിയെ നിയന്ത്രിക്കുന്നു. അഴിമതി നടത്താന്‍ അദാനിയോടു പോലും ചര്‍ച്ച നടത്തുന്നു. സര്‍ക്കാര്‍ പാര്‍ട്ടിക്ക് നല്‍കുന്ന സ്ഥാനങ്ങള്‍ക്ക് പണം ആവശ്യപ്പെടുന്നത് കാസിം ഇരിക്കൂര്‍ ആണെന്നും ഇ സി മുഹമ്മദ് ആരോപിച്ചു.

പാര്‍ട്ടി പ്രസിഡന്റ് അബ്ദുള്‍ വഹാബിനെ പോലും മന്ത്രിയും കാസിം ഇരിക്കൂറും ധിക്കരിച്ചു. സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സ്ഥാനങ്ങളും നേടാന്‍ പാര്‍ട്ടിക്ക് പണം നല്‍കണം. നിയസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പ് ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് അഴിമതിക്ക് വഴിവെക്കുന്ന ഈ തീരുമാനം. അന്ന് യോഗം നടന്നത് കാരന്തൂര്‍ മര്‍ക്കസ് ഐടിഐയില്‍ ആണെന്നും ഇ സി മുഹമ്മദ് ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ പാര്‍ട്ടി പ്രസിഡന്റ് അബ്ദുള്‍ വഹാബ് നിഷേധിച്ചു.

പിടിഎ റഹീമിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിച്ചിരുന്നു, ഇവര്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണ്, എന്നാല്‍ പാര്‍ട്ടി വിടേണ്ടവര്‍ക്ക് പോകാമെന്ന് അവാസ്തവമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും നേതൃത്വം പറഞ്ഞു.