ഹെലന്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച്‌ പ്രേക്ഷകപ്രശംസ നേടിയ നടിയാണ് അന്ന ബെന്‍. ഹെലന്‍ എന്ന കഥാപാത്രത്തിന് നിരവധി അവാര്‍ഡുകളും അന്നയെ തേടിയെത്തിയിരുന്നു. അപ്രതീക്ഷിതമായി കോള്‍ഡ് സ്റ്റോറേജ് റൂമില്‍ അകപ്പെട്ട ഹെലനെ അവതരിപ്പിച്ചപ്പോഴുള്ള അനുഭവമാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അന്ന ബെന്‍ പങ്കുവെക്കുന്നത്.

എ.സിപോലും ഇഷ്ടമില്ലാതിരുന്ന തനിക്ക് ഹെലനില്‍ അഭിനയിച്ചതിന് ശേഷം എ.സിയുള്ളത് അറിയുന്നുപോലുമില്ലെന്നാണ് അന്ന പറയുന്നത്. അത്രയും തണുപ്പുള്ള മുറിയില്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഷൂട്ട് ഉണ്ടായതെന്നും നടി പറയുന്നു. സിനിമയുടെ ടീമിലെ കുറേയധികം പേര്‍ മുറിക്കകത്ത് ഉണ്ടായിരുന്നെങ്കിലും തന്നെക്കൂടാതെ ബാക്കിയുള്ളവരെല്ലാം ഗ്ലൗസും സ്വെറ്ററും ധരിച്ചാണ് അകത്തുണ്ടായിരുന്നതെന്നും അന്ന പറഞ്ഞു.

‘ഇരുപത് ദിവസത്തോളം ഫ്രീസറിനകത്ത് ഷൂട്ട് ഉണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങളുടെ എണ്ണം ഡയറക്ടര്‍ എന്നോട് കുറച്ചാണ് പറഞ്ഞിരുന്നത്. രണ്ട് മൂന്ന് ദിവസം വലിയ പ്രശേനങ്ങള്‍ തോന്നിയിരുന്നു. പിന്നീട് മെല്ലെ ആ റൂമിനോട് പൊരുത്തപ്പെടാന്‍ തുടങ്ങി. നീ ചത്ത് പരുവമായി ഒരു കോലത്തിലാവണമെന്ന് ഡയറക്ടര്‍ തമാശ പോലെ പറയുമായിരുന്നു,’ അന്നയുടെ വാക്കുകള്‍.

മാത്തുക്കുട്ടി സേവ്യര്‍ ആണ് ഹെലന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫ് എന്ന ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ആനന്ദ് സി. ചന്ദ്രനാണ്