തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ എത്തിച്ചേരാനുള്ള ഗതഗത സൗകര്യം അതാത് സ്കൂളുകളിലെ പ്രഥമാധ്യാപകര്‍ ഉറപ്പാക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം. ഓരോ വിദ്യാര്‍ഥിക്കും വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ക്ലാസ് ടീച്ചര്‍മാരുടെ സഹായത്തോടെ പ്രഥമാധ്യാപകര്‍ ഉറപ്പാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തിച്ചേരുന്നതിനായി സ്വകാര്യ വാഹനങ്ങള്‍, പൊതുഗതാഗതം, സ്കൂള്‍ ബസുകള്‍, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം തുടങ്ങിയവ ഉപയോഗപ്പെടുത്തണം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, പട്ടികജാതി-വര്‍ഗ വകുപ്പ് എന്നിവയുടെ സഹകരണം ഇക്കാര്യത്തില്‍ തേടാം. സമീപത്തുള്ള വിദ്യാലയങ്ങളിലെ ബസുകളും ഇതിനുവേണ്ടി പ്രയോജനപ്പെടുത്താം.
വിദ്യാലയങ്ങളുടെ വാഹനം ക്രമീകരിച്ചു നല്കുന്നതിനു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ആദ്യം പറഞ്ഞ രീതിയില്‍ ഗതാഗത സൗകര്യം ഉറപ്പുവരുത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട ആര്‍ഡിഡി, എഡി,ഡിഇഒ എന്നിവരെ അറിയിച്ച് പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ എത്തിക്കുന്നതിനായി വിദ്യാലയങ്ങള്‍ക്ക് വാഹനം വാടകയ്ക്കു എടുക്കാം.
മറ്റ് സ്കൂളുകളുടെ വാഹനം എടുക്കുന്പോള്‍ ഇന്ധന ചെലവ്, ഡ്രൈവറുടെ ദിവസ വേതനം എന്നിവയും വാഹനം എടുക്കേണ്ടി വരുന്ന ഘട്ടത്തില്‍ നല്കേണ്ടിവരുന്ന വാടകയും സ്കൂളിന്റെ സ്പെഷല്‍ ഫീസ്, പിടിഎ ഫണ്ട് എന്നിവയില്‍ നിന്നു കണ്ടെത്തണം. ഇതുമായി ബന്ധപ്പെട്ട തീരുമാനം വെള്ളിയാഴ്ച പ്രഥമാധ്യാപകര്‍ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു കൈക്കൊള്ളണം.