തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി , പ്ലസ് ടു പരീക്ഷകള്‍ വീണ്ടും നീട്ടി. ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റി വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മാറ്റി വെച്ച പരീക്ഷകള്‍ ജൂണില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം പരീക്ഷകളുടെ തിയ്യതികള്‍ പിന്നീട് അറിയിക്കും.

ഈ മാസം 26ാം തിയ്യതി മുതലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചത്. വിഎച്ച്‌എസ്‌ഇ പരീക്ഷകളും 26 മുതലും പ്ലസ് വണ്‍ പരീക്ഷകള്‍ 29ാം തിയ്യതി മുതലും നടത്താന്‍ തീരുമാനിച്ചിരുന്നു. പത്താം ക്ലാസ്സില്‍ മൂന്ന് പരീക്ഷകളാണ് നടക്കാനുളളത്. മെയ് 26ന് കണക്ക് പരീക്ഷ, മെയ് 27ന് ഫിസിക്‌സ്, മെയ് 28ന് കെമ്‌സ്ട്രി എന്നിങ്ങനെയാണ് ബാക്കിയുളള പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.

അതേസമയം സിബിഎസ്‌ഇ പരീക്ഷകളുടെ തിയ്യതി കേന്ദ്ര മാനവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈയിലാണ് പരീക്ഷകള്‍ നടക്കുക. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. എല്ലാ പരീക്ഷകളും രാവിലെ ആണ് നടത്തുക. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ആയിരിക്കും പരീക്ഷാ സമയം എന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ സിബിഎസ്‌ഇ പത്താം തരം പരീക്ഷകള്‍ നേരത്തെ പൂര്‍ത്തിയായതാണ്.