തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് മാറ്റമില്ലെന്ന് വ്യക്തമായതോടെ മറ്റ് സംസ്ഥാനങ്ങളിലും ജില്ലകളിലും കുടുങ്ങിയ കുട്ടികളെ പരീക്ഷക്ക് എത്തിക്കല്‍ സര്‍ക്കാറിന് വെല്ലുവിളി. സംസ്ഥാനത്തിനകത്ത് വിവിധ ജില്ലകളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സമീപ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ ക്രമീകരണത്തിന് ശ്രമം നടത്തുന്നുണ്ട്. എന്നാല്‍, കേരളത്തിന് പുറത്തുള്ള കുട്ടികളുടെ കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലുണ്ട്. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും വന്ന് കേരളത്തിലെ സ്കൂളുകളില്‍ പഠിക്കുന്നവരാണ് ഇവര്‍. ലോക്ഡൗണില്‍ അതിര്‍ത്തി കടന്ന് പരീക്ഷ എഴുത്ത് ബുദ്ധിമുട്ടാകും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ഉള്‍പ്പെടെ ജില്ലകളില്‍ ഇത്തരം വിദ്യാര്‍ഥികളുണ്ട്. നല്ലൊരു ശതമാനവും ഭാഷ ന്യൂനപക്ഷ വിഭാഗവുമാണ്. സര്‍ക്കാര്‍ ഗതാഗത സൗകര്യം ഒരുക്കുകയും അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ ഇവര്‍ക്ക് എഴുതാന്‍ കഴിയില്ല.
ഒാര്‍ഫനേജ് സ്കൂളുകളില്‍ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാര്‍ഥികളും സ്കൂളുകള്‍ അടച്ചതോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. കശ്മീര്‍, മണിപ്പൂര്‍,ബിഹാര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ കേരളത്തില്‍ വിദ്യാര്‍ഥികളാണ്. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാതെ ഇവര്‍ക്ക് എത്താന്‍ സാധിക്കില്ല. പരീക്ഷ തീയതി പ്രഖ്യാപിച്ചതോടെ തിരികെയെത്താനുള്ള വഴിതേടുകയാണ് ഇവര്‍. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ അടുത്തേക്കുപോയ വിദ്യാര്‍ഥികളും ബുദ്ധിമുട്ടും.
പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക പരീക്ഷ നടത്തിയില്ലെങ്കില്‍ ‘സേ’ പരീക്ഷ വരെ കാത്തിരിക്കേണ്ടിവരും. ഇത് ഉപരിപഠന സാധ്യതകളെ ബാധിക്കും. െറസിഡന്ഷ്യല് സ്കൂളുകള്‍, പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകള്‍, സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചുപഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റ് ജില്ലകളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്കും പരിസരത്തെ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്.