തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ചരിത്ര വിജയം നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പ് ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ ശക്തികളും ഒന്നിച്ച്‌ എല്‍ഡിഎഫിനെ നേരിടാന്‍ തയാറെടുക്കുകയും അതിന് ആവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തു കൊടുക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കാമെന്നും ഉലച്ചു കളയാമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. പക്ഷേ 16 ാം തിയതി വോട്ട് എണ്ണുമ്ബോള്‍ മനസിലാകും ആരാണ് ഉലഞ്ഞത്, ആരാണ് ക്ഷീണിച്ചതെന്ന്. ഐതിഹാസിക വിജയമാണ് എല്‍ഡിഎഫ് നേടാന്‍ പോകുന്നത്. അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ അവര്‍ക്ക് കടക്കാം. ഇതുവരെ വോട്ട് ചെയ്തവര്‍ വലിയ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ജയിക്കില്ലായെന്ന് പലരും കരുതിയിരുന്ന പ്രദേശങ്ങളില്‍ പോലും ഇത്തവണ എല്‍ഡിഎഫ് വിജയിക്കും. ജനങ്ങള്‍ കള്ളങ്ങളോളും നുണകളോടും എങ്ങനെ പ്രതികരിക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.