കൊച്ചി: പീഡന പരാതിയില്‍ അടിസ്ഥാനമില്ലെന്ന് നടന്‍ നിവിന്‍ പോളി. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞത്. പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്ന് താരം പ്രതികരിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ.

‘പെട്ടെന്ന് വാർത്ത കണ്ടപ്പോള്‍ ബാധിച്ചു. നമുക്ക് കുടുംബം ഉള്ളതല്ലേ. എന്‍റെ ഭാഗത്ത് ന്യായമുണ്ട്. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട്. ഓടി ഒളിക്കേണ്ട കാര്യമില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപരമായി നേരിടും. എത്ര നാളാണെന്ന് അറിയില്ല. ഏതറ്റം വരെയും പോരാടും. ആരോപണം സത്യമല്ലെന്ന് തെളിയിക്കും. എന്‍റെ കെെയ്യില്‍ തെളിവില്ല. പക്ഷെ, ഇവിടെ എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും വരാം. അവർക്ക് വേണ്ടി കൂടെയാണ് സംസാരിക്കുന്നത്. പ്രതികരിച്ചില്ലെങ്കില്‍ നീണ്ടു നീണ്ടു പോകും. ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ്’, നിവിന്‍ പോളി പറഞ്ഞു. 

‘എനിക്ക് വേണ്ടി സംസാരിക്കാന്‍ വേണ്ടി ഞാനല്ലേയുള്ളൂ. നാളെ സത്യം തെളിഞ്ഞാല്‍ നിങ്ങള്‍ എന്റെ കൂടെ നില്‍ക്കണം. ഒരു മാസം മുമ്പ് സമാനമായ പരാതിയില്‍ പൊലീസ് വിളിച്ചിരുന്നു. എനിക്കറിയില്ലെന്നാണ് പറഞ്ഞത്. വ്യാജ കേസ് ആണെന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയാണ് ചെയ്തത്. പരാതിക്കാരി പബ്ലിസിറ്റി വേണ്ടി ചെയ്തതാവാം എന്നാണ് പൊലീസുകാരന്‍ പറഞ്ഞത്. പിന്നീട് നിയമോപദേശം തേടിയപ്പോഴും സമാനമായ മറുപടിയാണ് ലഭിച്ചതെന്നും’, നിവിന്‍ പോളി പറഞ്ഞു. 

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. പുതിയ പരാതിയുടെ ഉള്ളടക്കം അറിയില്ല. അന്ന് നേരിട്ട് ഹാജരാകാം എന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് പൊലീസ് അറിയിക്കുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു. 

ആരോപണ വിധേയരായ ആറ് പേരില്‍ ഒരാളെ അറിയാം. മലയാളം സിനിമയില്‍ ഫണ്ട് ചെയ്യുന്നയാളാണ്. താനും മേടിച്ചിട്ടുണ്ട്. ആ ബന്ധം മാത്രമെയുള്ളൂ. ഒന്നാം പ്രതിയെയോ ബാക്കിയുള്ളവരെയോ അറിയില്ല. 

നിര്‍മാതാവിനെ ദുബായ് മാളില്‍വെച്ച് കണ്ടിട്ടുണ്ട്. റാഫേല്‍ എന്ന സുഹൃത്തിനെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. സിനിമയുടെ കാര്യം പറഞ്ഞ് പിരിഞ്ഞു. മറ്റൊരിടത്തുംവെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല. അന്വേഷണത്തെ ബഹുമാനിക്കുന്നു. 

കുടുംബത്തിന് തന്നെ അറിയാം. ആദ്യം അമ്മയെ ആണ് വിളിച്ചത്. പേടിക്കേണ്ടതില്ലെന്ന് അമ്മ ഇങ്ങോട്ട പറഞ്ഞു. സത്യം തെളിയിക്കാന്‍ അവസാനം വരെ പോരാടും. അപകീര്‍ത്തിപ്പെടുത്താന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും നിവിന്‍ പോളി പറഞ്ഞു. 

പീഡന പരാതി ഉയർന്നതിന് പിന്നാലെ നടന്‍ ഫേസ്ബുക്കിലൂടെയും പ്രതികരിച്ചിരുന്നു. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നുമായിരുന്നു താരം പ്രതികരിച്ചത്. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. തനിക്കെതിരായ പീഡനപരാതി അടിസ്ഥാനമില്ലാത്തതാണ്, അസത്യമാണ്. അക്കാര്യം തുറന്നുകാട്ടാന്‍ ഏതറ്റം വരെയും പോകും. ബാക്കി കാര്യങ്ങള്‍ നിയപരമായി നീങ്ങും, എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്. 

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നിവിന്‍പോളിക്കെതിരായ പരാതി. ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. ഊന്നുകല്‍ സ്വദേശിയാണ് പരാതിക്കാരി. നിലവില്‍ ഊന്നുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

നിര്‍മാതാവ് എ കെ സുനിലിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രേയയാണ് ഒന്നാം പ്രതി, എ കെ സുനിലാണ് രണ്ടാം പ്രതി. കുട്ടന്‍ , ബഷീര്‍ തുടങ്ങിയ പേരുകളും പരാതിയില്‍ പറയുന്നുണ്ട്.