മെൽബൺ ∙ കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ കിടപ്പ് രോഗികൾക്കും അവരുടെ ആശ്രിതർക്കും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുന്ന എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ അഞ്ചാമത് വാർഷികം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിജയകരമായി നടത്തി.
ഏറ്റുമാനൂർ പുന്നത്തുറ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ ട്രസ്റ്റ് സെക്രട്ടറി കെ. എൻ. മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഷിക ഉദ്ഘാടനവും പഠനോപകരണ വിതരണവും സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു.
ഉപഹാര സമർപ്പണം എം. സി. ജോസഫും ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് ഇ. എസ്. ബിജു, പ്രിയ സജീവ്, ടി. പി. മോഹൻദാസ്, എം. കെ. സുഗതൻ എന്നിവർ സംസാരിച്ചു. ജോണി കുര്യൻ എടാട്ട് സ്വാഗതവും, സാവിയോ മാത്യു കൃതജ്ഞതയും പറഞ്ഞു. എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ സജി മുണ്ടയ്ക്കൽ ട്രസ്റ്റിന്റെ വിവിധ പദ്ധതികളെകുറിച്ച് വിഡിയോ കോൺഫ്രൻസിലൂടെ സംസാരിച്ചു. ഇതോട് അനുബന്ധിച്ച് തിരഞ്ഞെടുത്ത ആറോളം സ്കൂളുകളിലെ കുട്ടികൾക്ക് സ്മാർട് ഫോൺ വിതരണവും നടത്തി.