• ഷാജീ രാമപുരം

ന്യൂയോർക്ക്: എനിക്ക് ശ്വസിക്കുവാൻ കഴിയുന്നില്ല എന്ന വിലാപം മുഴങ്ങി കേൾക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പരിശുദ്ധാത്മാവേ വന്ന് ഞങ്ങൾക്ക് കരുണയുടെ ആത്മാവിനെ നല്കണമേ എന്നതാകട്ടെ നമ്മുടെ പ്രാർത്ഥന എന്ന് പെന്തക്കോസ്ത് ഞായറോടനുബന്ധിച്ചു കഴിഞ്ഞ ദിവസം ഭദ്രസാന ആസ്ഥാനത്തു നിന്നും ലൈവ് ടെലികാസ്റ്റിലൂടെ ക്രമീകരിച്ച  വിശുദ്ധ കുർബ്ബാന ശുശ്രുഷ മദ്ധ്യേ നടത്തിയ പ്രസംഗത്തിൽ മാർത്തോമാ സഭാ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് ഉത്‌ബോധിപ്പിച്ചു.

എനിക്ക് ശ്വസിക്കുവാൻ കഴിയുന്നില്ല എന്ന രോധനങ്ങൾക്കു നടുവിൽ സഹജീവിയെ സഹോദരനായി കാണുവാൻ കഴിയുന്ന ദൈവാത്മാവിനായി നമുക്ക് പ്രാർത്ഥിക്കാം. ദൈവാത്മാവ് നൽകപ്പെട്ട ആത്മാവാണ് ശിഷ്യർക്ക് അഗ്നിജ്വാലക്ക് സമാനമായ നാവുകളെ പകർന്ന ശക്തി. ഒരു മാനുഷിക പരിഗണനയും സഹജീവികൾക്ക് ലഭിക്കാത്ത ഇന്നത്തെ സാഹചര്യത്തിൽ പ്രതികരിക്കാൻ ശക്തമായ അഗ്നിനാവുകൾ നമുക്ക് ദൈവീക ദാനമായ പരിശുദ്ധാത്മാവ് നൽകട്ടെ.

സൃഷ്ടിയുടെ ഞരക്കങ്ങൾ ശ്രദ്ധിക്കുന്ന ഭിന്നതകളെ യോജിപ്പിക്കുന്ന ദൈവം കരുണ കാണിക്കുവാൻ നമുക്ക് കരുത്തു നൽകട്ടെ. പരിശുദ്ധാത്മാവേ വന്ന് സൃഷ്ടിയെ പുതുക്കേണമേ, മഹാമാരിക്ക് ശേഷം ഒരു പുതിയ ലോകത്തിലേക്കും ക്രമത്തിലേക്കും ഞങ്ങളെ നയിക്കേണമേ എന്നതായിരിക്കണം പ്രശ്ന സങ്കീർണമായ ഈ കാലഘട്ടത്തിൽ നമ്മുടെ ഓരോ ദിവസത്തെയും പ്രാർത്ഥന എന്നും ബിഷപ് ഡോ.മാർ ഫിലക്സിനോസ് സഭാ വിശ്വാസികളെ ഓർമ്മപ്പെടുത്തി.