ലക്‌നൗ: എട്ടാംക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് ഹൃദയം അലിയുന്ന ​‍പ്രണയലേഖനം എഴുതിയ അദ്ധ്യാപകനെതിരേ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കത്ത് പിടികൂടിയതിന് പിന്നാലെ മാപ്പു പറയാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ധ്യാപകന്‍ കുട്ടിയെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കി. ഉത്തർപ്രദേശ് കനൗജിലെ സർക്കാർ സ്കൂളിലെ 47 വയസുകാരനായ അദ്ധ്യാപകനാണ് കുടുങ്ങിയത്.

മറ്റാരെയും കാണിക്കരുതെന്നും വായിച്ചുകഴിഞ്ഞാൽ കീറിക്കളയണമെന്നും അദ്ധ്യാപകന്‍ കത്തിലെഴുതിയിരുന്നെങ്കിലും കത്ത് വിദ്യാര്‍ത്ഥിനി കയ്യോടെ മാതാപിതാക്കള്‍ക്ക് കൈമാറുകയും ഇവര്‍ പോലീസിന് പരാതി നല്‍കുകയുമായിരുന്നു. മാതാപിതാക്കള്‍ ആദ്യ അദ്ധ്യാപകനോട് മാപ്പ് പറയാൻ നിർദേശിച്ചെങ്കിലും കുട്ടിയെ ഇല്ലാതാക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെയാണ് മാതാപിതാക്കൾ പരാതിയുമായി പോയത്.

താൻ കുട്ടിയെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും സ്കൂൾ അവധിക്ക് പോയാല്‍ വിദ്യാര്‍ത്ഥിനിയെ ‘മിസ്’ ചെയ്യുമെന്നും ഫോൺ ചെയ്യണ​മെന്നും അവധിയ്ക്ക് പോകുന്നതിന് മുൻപ് തന്നെ വന്നു കാണണമെന്നും കുറിപ്പില്‍ പറയുന്നു. സ്നേഹമുണ്ടെങ്കിൽ തീർച്ചയായും തന്നെ കാണാൻ വരും. എപ്പോഴും കുട്ടിയെ സ്നേഹിക്കുമെന്നും കത്ത് മറ്റാരെയും കാണിക്കരുതെന്നും വായിച്ചുകഴിഞ്ഞാൽ കീറിക്കളയണമെന്നും എഴുതിയിരുന്നു.

എന്നാല്‍ കത്ത് കുട്ടി നേരെ മാതാപിതാക്കളുടെ കയ്യിലാണ് കൊണ്ടു കൊടുത്തത്. അദ്ധ്യാപകനെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ കർ‌ശന നടപടി സ്വീകരിക്കുമെന്ന് ടീച്ചേഴ്‌സ് യൂണിയനും വ്യക്തമാക്കി.