മൊയ്തീന്‍ പുത്തന്‍ചിറ
വാഷിങ്ടൻ ∙ കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമുണ്ടായ തൊഴിൽ നഷ്ടങ്ങൾ നികത്താന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന വീസകൾ കുത്തനെ പരിമിതപ്പെടുത്താനുള്ള പദ്ധതി ട്രംപ് ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
എച്ച് 1 ബി വീസ പ്രോഗ്രാം നിയന്ത്രിണത്തിന്റെ ഭാഗമായി ആർക്കാണ് വീസ നേടാനാകുക, അവർക്ക് എത്ര തുക അപേക്ഷാ ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരും എന്നതിനെക്കുറിച്ചുള്ള പുതിയ നിയമങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പും (Department of Homeland Security) തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.
എച്ച് 1 ബി വീസ അപേക്ഷകര്‍ക്കായി നീക്കിവച്ചിരിക്കുന്ന സ്പെഷ്യാലിറ്റി തൊഴിലുകളുടെ എണ്ണവും, തൊഴിലുടമകൾ നല്‍കേണ്ടി വരുന്ന ഉയർന്ന ശമ്പള നിരക്കും മറ്റും ഉൾപ്പെടുന്ന പുതിയ നിയമങ്ങൾ പ്രകാരം മൂന്നിലൊന്ന് അപേക്ഷകരെ നിരസിക്കാന്‍ സാധ്യതയുണ്ടെന്ന് ഡിഎച്ച്എസ് കണക്കാക്കുന്നുവെന്ന് ആക്ടിങ് ഡെപ്യൂട്ടി സെക്രട്ടറി കെൻ കുക്കിനെല്ലി പറഞ്ഞു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂലൈയിൽ എച്ച് -1 ബി പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിരവധി തൊഴില്‍ദാതാക്കള്‍ എച്ച്1 ബി വീസ പ്രോഗ്രാം ദുരുപയോഗം ചെയ്തതാണ് ഈ കടുത്ത തീരുമാനമെടുക്കാന്‍ കാരണമെന്ന് കുക്കിനെല്ലിയും ലേബർ ഡെപ്യൂട്ടി സെക്രട്ടറി പാട്രിക് പിസെല്ലയും പറഞ്ഞു. വിദേശത്ത് നിന്ന് കുറഞ്ഞ ശമ്പളത്തില്‍ ജോലിക്കാരെ കൊണ്ടുവന്ന് കമ്പനികളില്‍ നിയമിക്കുന്നതുമൂലം അമേരിക്കയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും അവര്‍ പറഞ്ഞു. ചില അവസരങ്ങളിൽ യുഎസ് വേതനം നിശ്ചലമാകാനും ഇത് കാരണമായി.
ടെക് മേഖല കുതിച്ചുയരാൻ തുടങ്ങിയതോടെ യോഗ്യതയുള്ള തൊഴിലാളികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായതിനാൽ പ്രത്യേക ജോലികൾ പൂര്‍ത്തിയാക്കാന്‍ കമ്പനികളെ സഹായിക്കുന്നതിനാണ് പ്രസിഡന്റ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷിന്റെ കീഴിൽ എച്ച് -1 ബി പ്രോഗ്രാം ആരംഭിച്ചത്.
നിർണായക സ്ഥാനങ്ങൾ നിറയ്ക്കാൻ തങ്ങൾക്ക് ഇപ്പോഴും എച്ച്1 ബി വീസാ പ്രോഗ്രാം ആവശ്യമാണെന്ന് പല കമ്പനികളും നിർബന്ധിക്കുന്നുണ്ട്. കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ, ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർമാർ തുടങ്ങിയ ജോലികൾക്കായി യുഎസ് പ്രതിവർഷം 85,000 എച്ച് -1 ബി വീസ വരെ നല്‍കുന്നുണ്ട്.
അവ സാധാരണയായി മൂന്നു വർഷത്തെ പ്രാരംഭ കാലയളവിലാണ് നൽകുന്നത്. അവ പുതുക്കാനും കഴിയും. യുഎസിലെ 500,000 എച്ച് -1 ബി വീസ കൈവശമുള്ളവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമാണ്.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പൊതു അഭിപ്രായങ്ങൾക്കായി ഈ ആഴ്ച ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.