മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇപ്പോള്‍ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിലാണ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിലെത്തിയിരുന്നു. അന്വേഷണ സംഘം എത്തിയതിന് തൊട്ടുപുറകെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കസ്റ്റംസ് അധികൃതരും ആശുപത്രിയില്‍ ഉണ്ടെന്നാണ് വിവരം. ആരോഗ്യ നില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ട്.
കരമനയിലെ സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവിലാണ് ഇപ്പോള്‍ ശിവശങ്കര്‍.
കസ്റ്റംസ് വാഹനത്തിന് അകത്ത് വച്ചാണ് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥന് നല്കുന്ന വിവരം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു.
കസ്റ്റംസ് വാഹനത്തിലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിക്ക് പുറത്ത് ഉദ്യോഗസ്ഥര്‍ കാത്തുനില്‍ക്കുകയാണ്. പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും റിപ്പോര്‍ട്ട്. അറസ്റ്റിനുള്ള നീക്കത്തിലായിരുന്നോ കസ്റ്റംസ് എന്നതടക്കം ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.