മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ് രംഗത്ത്. ശിവശങ്കര്‍ കൂടുതല്‍ കരാറുകള്‍ യൂണിടാക്കിന് വാഗ്ദാനം ചെയ്തു. ഹൈദരാബാദിലെ യുഎഇ കോണ്‍സുലേറ്റ് നിര്‍മാണ കരാറും കെ- ഫോണ്‍ ഉപകരാറും വാഗ്ദാനം ചെയ്തതായി വിജിലന്‍സ് കണ്ടെത്തല്‍.

കോണ്‍സുലേറ്റ് നിര്‍മാണത്തില്‍ പങ്കുചേരാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി കെ ടി റമീസ് പദ്ധതിയിട്ടതായി നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നു.

 

കൂടാതെ ലൈഫ് മിഷന്‍ കരാറില്‍ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണം പരിശോധിക്കാന്‍ വിജിലന്‍സ് സംഘത്തെ രൂപീകരിച്ചു. സംഘത്തില്‍ ലൈഫ് മിഷന്‍ എഞ്ചിനീയറെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിടത്തിന്റെ ബലപരിശോധന അന്വേഷണ സംഘം നടത്തും. കെട്ടിടത്തിന് ബലക്കുറവില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം വഴിമുട്ടി. കേസില്‍ തീവ്രവാദ ഫണ്ടിംഗിന് തെളിവ് ലഭിച്ചില്ല. റബിന്‍സിന്റെ കൈയില്‍ നിന്ന് കാര്യമായ തെളിവ് ലഭിച്ചില്ല. ഫൈസല്‍ ഫരീദിനെ കിട്ടാതെ അന്വേഷണം മുന്നോട്ട് നീങ്ങില്ലെന്നാണ് എന്‍ഐഎ പറയുന്നത്.