ചെര്‍പ്പുളശ്ശേരി > ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി അമ്മയുടെ മൃതദേഹത്തിനരികില്‍ ഡോക്ടറായ മകള്‍ മൂന്ന് ദിവസം പ്രാര്‍ത്ഥന നടത്തി. ചെര്‍പ്പുളശ്ശേരിക്കടുത്ത് ചളവറ രാജ്ഭവനിലെ റിട്ട അധ്യാപിക ഓമന ടീച്ചറുടെ മൃതദേഹത്തിനരികിലാണ് ഹോമിയോ ഡോക്ടറായ മകള്‍ കവിത പ്രാര്‍ത്ഥന നടത്തിയത്.

ചളവറ ഹയര്‍ സെക്കണ്ടറി സ്ക്കൂളിനു സമീപത്തെ വീട്ടിലാണ് ഓമനയും കവിതയും വര്‍ഷങ്ങളായി താമസിച്ച്‌ വന്നിരുന്നത്. ഞായറാഴ്ച്ചയാണ് ഓമന മരിച്ചത്. എന്നാല്‍ ഓമന ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച്‌ മൃതദേഹത്തിനരികില്‍ പ്രാര്‍ത്ഥനയുമായി കവിത ഇരിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനു ശേഷവും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ അമ്മ ഇന്ന് (ചൊച്ചാഴ്ച്ച) മരിച്ചുവെന്ന് അയല്‍വാസിയോട് ആദ്യം പറഞ്ഞു.

എന്നാല്‍ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ആരോഗ്യ വകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് അമ്മ മരിച്ചതായി മകള്‍ പറയുന്നത്. അഴുകി തുടങ്ങിയ മൃതദേഹം കൊവിഡ് പരിശോധനക്കായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.