തൃശൂര്‍: ഖജനാവിലേക്ക് പണം എത്തിക്കുന്ന സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥ തസ്തികകളില്‍ ആളില്ല. നാല് ജോയന്റ് കമീഷണര്‍മാര്‍, ഇരുപതിലേറെ ഡെപ്യൂട്ടി കമീഷണര്‍മാര്‍, അമ്ബതോളം ടാക്സ് ഓഫിസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ വകുപ്പിെന്റ പ്രവര്‍ത്തനം അവതാളത്തിലാണ്. തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലും കാസര്‍കോട്, ഇടുക്കി ജില്ല ജോയന്റ് കമീഷണര്‍ തസ്തികകളിലും ആളില്ല. 14 ജില്ലകളിലായി 20ലേറെ ഡെപ്യൂട്ടി കമീഷണര്‍ കസേരകളും ഒഴിഞ്ഞുകിടക്കുന്നു.
അടിസ്ഥാനപരമായ നികുതി നിര്‍ണയം നടക്കേണ്ട സര്‍ക്കിള്‍ ഓഫിസുകളില്‍ ഇത്രയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് നികുതി വരുമാനത്തെ ബാധിക്കുന്നുണ്ട്. നികുതി നിര്‍ണയ നോട്ടീസ് അയച്ച്, മറുപടി കിട്ടിയവ പരിശോധിച്ച് വീണ്ടും നോട്ടീസ് നല്കി മറുപടിയും രേഖകളും പരിശോധിച്ച് നികുതി നിര്‍ണയം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടിവരുന്നു. നേരത്തേയുണ്ടായ ജോലിക്കയറ്റത്തിനും വിരമിക്കലിനും അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാത്തതാണ് പ്രശനമായത്. കൂടാതെ, ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ഡെപ്യൂേട്ടഷനില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പോയതും ഒഴിവുകളുടെ എണ്ണം കൂട്ടി.
ഒഴിവുള്ള തസ്തികകളില്‍ പലര്‍ക്കും അധിക ചുമതല നല്‍കിയിരിക്കുകയാണ്. ഇത് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒഴിവിനനുസരിച്ച് ജോലിക്കയറ്റവും സ്ഥലംമാറ്റവും നല്കാത്തതിനാല് കുത്തഴിഞ്ഞ നിലയിലാണ് പ്രവര്‍ത്തനം. കോവിഡ് കാലത്ത് ദൂരെ പോയി ജോലി ചെയ്യുന്നത് ദുഷ്കരമായതിനാല് പൊതു സ്ഥലംമാറ്റം പ്രതീക്ഷിച്ച് കഴിയുന്ന ജീവനക്കാര്‍ റിസ്ക് എടുക്കാന്‍ തയാറല്ലാത്ത സാഹചര്യവുമുണ്ട്. വകുപ്പ് പുനഃക്രമീകരണത്തിന് കാത്തുനില്‍ക്കാതെ ജോലിക്കയറ്റവും സ്ഥലംമാറ്റവും നടത്താന്‍ മന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയെങ്കിലും നടപ്പാക്കാന്‍ കമീഷണറേറ്റിലെ ഉന്നതര്‍ വിമുഖത കാണിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. കമീഷണര്‍ ആനന്ദ് സിങ് മാറി രത്തന്‍ ഖേല്‍കര്‍ ചുമതല ഏറ്റെങ്കിലും മെല്ലെപ്പോക്കിന് മാറ്റമുണ്ടായില്ല.



