റിയാദ്: ഉംറ തീര്‍ഥാടനം വീണ്ടും ആരംഭിച്ചു. സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനമാണ് സൗദി ഭരണകൂടം വീണ്ടും ആരംഭിച്ചിരിക്കുന്നത്. കൊറോണ രോഗം വ്യാപിച്ച ഘട്ടത്തിലായിരുന്നു ഉംറ നിര്‍ത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. വിമാന സര്‍വീസും സൗദി താല്‍ക്കാലികമായി നിര്‍ത്തി. ഈ വര്‍ഷത്തെ ഹജ്ജും കടുത്ത നിയന്ത്രണത്തോടെയാണ് സൗദി അനുവദിച്ചത്. നാമമാത്രമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഹജ്ജ്.
നാല് ഘട്ടങ്ങളായിട്ടാണ് ഉംറ തീര്‍ഥാടനം വീണ്ടും ആരംഭിക്കുന്നത്. ഒക്ടോബര്‍ നാലാണ് ആദ്യഘട്ടം ആരംഭിക്കുക. ഒരു സമയം 20000 പേര്‍ക്ക് വരെ തീര്‍ഥാടനം അനുവദിക്കാമെന്ന് നേരത്തെ കണക്കാക്കിയിരുന്നു. ഇതിന്റെ 30 ശമതാനം പേര്‍ക്കാണ് ഇപ്പോള്‍ അനുമതിയുള്ളത്. ഒക്ടോബര്‍ 18 മുതല്‍ 75 ശതമാനം പേര്‍ക്ക് അനുമതി ലഭിക്കും. നവംബര്‍ മുന്ന് മുതല്‍ സൗദിയിലും വിദേശത്തുമുള്ള തീര്‍ഥാടകര്‍ക്ക് ഭാഗികമായി അനുമതി നല്‍കും. കൊറോണ രോഗ ഭീതി അകന്ന ശേഷം മാത്രമേ പഴയ പോലെ ഉംറ തീര്‍ഥാടനം അനുവദിക്കൂ എന്നും ഹജ്ജ് മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
108000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചുള്ള നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ ഉംറ അനുവദിക്കുന്നത്. രോഗമില്ലെന്ന് ഉറപ്പുള്ളവര്‍ക്കേ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഇടക്കാലത്ത് സൗദിയില്‍ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രോഗ വ്യാപനം വര്‍ധിച്ചു. ഇപ്പോഴും സൗദിയില്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല. സൗദിയില്‍ മാത്രമല്ല, ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലും കൊറോണ ഭീതി ശക്തമായി നിലനില്‍ക്കുന്നുണ്ട്.