അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരത്തില്‍ റോക്കറ്റ് ആക്രമണം. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഈദ് അല്‍-അധ പ്രാര്‍ഥനകള്‍ നടക്കുമ്ബോഴായിരുന്നു പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം റോക്കറ്റുകള്‍ പതിച്ചത്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. കൊട്ടാരത്തിന് പുറത്ത് മൂന്ന് റോക്കറ്റുകള്‍ പതിച്ചുവെന്ന് ആഭ്യന്ത്രര മന്ത്രാലയത്തിന്റെ വക്താവ് മിര്‍വായിസ് സ്റ്റനേക്‌സായി പറഞ്ഞു.
പര്‍വാന്‍-ഇ-സെ മേഖലയില്‍നിന്ന് തൊടുത്ത റോക്കറ്റുകള്‍ ജില്ല ഒന്നിലുള്ള ബാഗ്-ഇ-അലി മര്‍ദന്‍, ചാമന്‍-ഇ-ഹൊസോരി പ്രദേശങ്ങളിലാണ് വീണത്. കാബൂളിന്റെ ജില്ല രണ്ടിലുള്ള മനാബെ ബാഷറി മേഖലയിലും പതിച്ചു. അഫ്ഗാനിസ്ഥാന്റെ ശത്രുക്കള്‍ ഇന്ന് കാബൂള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോക്കറ്റ് ആക്രമണം നടത്തിയെന്ന് മിര്‍വായിസ് സ്റ്റനേക്‌സായി എഎഫ്പിയോട് പറഞ്ഞു. ആര്‍ക്കും പരിക്കില്ല. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എങ്കിലും താലിബാന്റെ പേര് പറയാന്‍ അധികൃതര്‍ മടിച്ചു. സംശയത്തിന്റെ വിരലുകള്‍ ചൂണ്ടുന്നത് താബിലിന് നേര്‍ക്കാണ്. പുറത്ത് പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയപ്പോഴുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് ചിലര്‍ നടുങ്ങുന്നത് ടോളോ ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. പ്രസിഡന്റ് അഷ്‌റഫ് ഘനിയും പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു. എന്നാല്‍ സ്‌ഫോടനത്തിന്റെ ശബ്ദത്തിനിടയിലും പ്രാര്‍ഥന തുടര്‍ന്നു.