തെൽ അവീവ്: ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് തീരദേശ നഗരമായ സിഡോണിൽ ഇസ്രായേൽ ആ​ക്രമണം നടത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ നേതാവ് സമർ അൽ-ഹജ്ജ് കൊല്ലപ്പെട്ടത്.

ലെബനന്റെ തെക്കൻ അതിർത്തിയിൽ നിന്നും 50 കിലോ മീറ്റർ അകലെയാണ് ആക്രമണമുണ്ടായ സ്ഥലം. സമീപത്തെ ഫലസ്തീൻ അഭയാർഥി ക്യാമ്പിലാണ് സമർ അൽ-ഹജ്ജ് താമസിച്ചിരുന്നത്. ആക്രമണത്തിൽ രണ്ട് സിവിലയൻമാർക്കും പരിക്കേറ്റുവെന്ന് ലെബനീസ് മാധ്യമങ്ങൾ അറിയിച്ചു.

ഇസ്രായേലിനെ ലക്ഷ്യമിട്ട് ലെബാനാനിൽ നിന്നും നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഹമാസ് കമാൻഡറാണെന്നാണ് ഇസ്രായേൽ ആരോപണം. കൊലപാതകത്തിന് പിന്നാലെ ലെബനനിലെ തെരുവുകളിൽ വൻ പ്രതിഷേധവും അരങ്ങേറി.

നേരത്തെ ഹമാസ് ഉന്നത നേതാവ് ഇസ്മാഈൽ ഹനിയ്യ ഇറാനിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാൻ അറിയിക്കുകയും ചെയ്തു. ഇസ്രായേലിനെ ആക്രമിക്കുകയല്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റ് പോംവഴികളില്ലെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.