വാഷിങ്ടൻ ഡിസി∙ ഒരാഴ്ചയായി തുടർന്ന പശ്ചിമേഷ്യൻ സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർഥിച്ചു.

സംഘർഷം ആരംഭിച്ചതിനു ശേഷം ഇസ്രയേൽ ആക്രമണത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ഞായറാഴ്ചയായിരുന്നുവെന്ന് ഗാസാ അധികൃതർ അറിയിച്ചു. 40 പേരാണ് ഒറ്റ ദിവസം മരിച്ചത്. അനിശ്ചിതമായി സംഘർഷം തുടരുന്നത് റീജിയനെ അസ്ഥിരപ്പെടുത്തുമെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. അക്രമ സംഭവങ്ങളെ അദ്ദേഹം അപലപിച്ചു.

തിങ്കളാഴ്ച രാവിലെ എൺപതോളം വ്യോമാക്രമണങ്ങളാണ് ഗാസാ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയത്. ഒരാഴ്ച സംഘർഷം പിന്നിടുമ്പോൾ 3000 റോക്കറ്റുകളാണ് ഗാസയിൽ നിന്നും ഇസ്രയേലിലേക്ക് തൊടുത്തുവിട്ടത്. ഭയം കൂടാതെ മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും, ഗാസയിലെ മാധ്യമ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന കെട്ടിടം തകർക്കപ്പെട്ടത് ആശങ്കയുളവാക്കുന്നതായും സെക്രട്ടറി ജനറൽ പറഞ്ഞു.

ഗാസയിൽ അനുഭവപ്പെടുന്ന ഫ്യുവൽ ഷോർട്ടേജ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം താറുമാറാക്കുമെന്നും, യുഎൻ ഗാസയിലേക്ക് ഫ്യുവൽ അയയ്ക്കുന്നത് ഇസ്രയേൽ അധികൃതർ തടയരുതെന്നും യുഎന്‍ സ്പെഷൽ കോഓർഡിനേറ്റർ ലിൽ ഹേസ്റ്റിംഗ്സ് അഭ്യർഥിച്ചു. ഗാസയിൽ ഇതുവരെ 188 പേർ കൊല്ലപ്പെട്ടതില്‍ 55 കുട്ടികളും 55 സ്ത്രീകളും ഉൾപ്പെടുന്നു. 1230 പേർക്ക് പരുക്കേറ്റതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു.