ഇറാനിൽ മാധ്യമപ്രവർത്തകനെ വധശിക്ഷയ്ക്ക് വിധേയനാക്കി. രാജ്യ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായ വാർത്ത പ്രസിദ്ധീകരിച്ചതിന് നാടുകടത്തിയ മാധ്യമപ്രവർത്തകൻ റൂഹൊല്ല സാമിനെയാണ് തൂക്കിലേറ്റിയത്.

ഇന്ന് രാവിലെയാണ് ഇറാൻ ഭരണകൂടം വിധി നടപ്പിലാക്കിയത്. ഇറാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ചാരപ്രവർത്തനം നടത്തിയെന്നും കാണിച്ച് ജൂണിലാണ് റൂഹൊല്ലയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ൽ റൂഹൊല്ല ഒാൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തകൾ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ഇയാളെ നാടുകടത്തി. 2019 ൽ വീണ്ടും പിടിയിലായ റൂഹൊല്ലയുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു.

ടെലഗ്രാം ആപ്പിലൂടെയാണ് സാമിന്റെ വെബ്‌സൈറ്റ് അമദ് ന്യൂസ് സര്‍ക്കാറിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. നിരന്തര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനെതിരെയുള്ള വലിയ ജനരോഷത്തിന് കാരണമായിരുന്നു.