മറ്റ് രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുമ്പോള്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നത് ചൂണ്ടിക്കാട്ടി മുരളി തുമ്മാരുക്കുടി. ഈ സാഹചര്യം തുടര്‍ന്നാല്‍ രാജ്യം കേസുകളുടെ എണ്ണം വര്‍ധിക്കുന്ന കാര്യത്തില്‍ മാത്രമല്ല മരണസംഖ്യയിലും ഒന്നാമതെത്തിയേക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം………………………………………………….
കോവിഡിന്റെ കുതിപ്പുകള്‍
ഇന്ന്, സെപ്റ്റംബര്‍ ഏഴാം തിയതി ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ ഉണ്ടായിട്ടുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി എന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയില്‍ പുതിയ കേസുകളുടെ എണ്ണം തൊണ്ണൂറായിരം കൂടിയിട്ടുണ്ട്. ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് ഒരു ദിവസം തൊണ്ണൂറായിരം കേസുകള്‍ കൂടുന്നത്. ജനുവരിയില്‍ ചൈനയിലെ കൊറോണയെ ലോകമൊക്കെ മൊത്തം പേടിപ്പിച്ചിരുന്ന കാലത്ത് അവിടെ മൊത്തം ഉണ്ടായിരുന്ന കേസുകളുടെ എണ്ണം എണ്‍പതിനായിരം ആണെന്ന് ഓര്‍ക്കണം.
ഇന്ത്യയുടെ മുന്നില്‍ ഇപ്പോള്‍ ബാക്കിയുള്ള അമേരിക്കയില്‍ ഇതുവരെ 6,460,421 കേസുകള്‍ ഉണ്ടായിട്ടുണ്ട്, പക്ഷെ പ്രതിദിന കേസുകളുടെ എണ്ണം പരമാവധി എഴുപതിനായിരം വരെ വന്നതിന് ശേഷം ഇപ്പോള്‍ നാല്പത്തിനായിരത്തിന് താഴേക്ക് വന്നിട്ടുണ്ട്.
അതായത് ഒരുദിവസം ശരാശരി അമ്ബതിനായിരം കേസുകള്‍ വച്ച് ഇന്ത്യയിലെ കേസുകള്‍ അമേരിക്കയിലെ പ്രതിദിന കേസുകളെക്കാള്‍ കൂടുകയാണ്.
ഈ നില തുടര്‍ന്നാല്‍ രണ്ടുമാസത്തിനകം ലോകത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള സ്ഥലമായി ഇന്ത്യ മാറും.
അമേരിക്കയെക്കാളും ബ്രസീലിനേക്കാളും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്നത് ഒരു പരിധി വരെ സ്വാഭാവികമാണ്. ഇന്ത്യയിലെ മരണ നിരക്ക് മറ്റു പല രാജ്യങ്ങളെക്കാള്‍ കുറവാണെന്നുള്ളതും നല്ല കാര്യമാണ്. പക്ഷെ അമേരിക്കയിലും ബ്രസീലിലും മറ്റനവധി രാജ്യങ്ങളിലും പ്രതിദിന കേസുകളുടെ എണ്ണം താഴേക്ക് വരികയാണ്, പക്ഷെ ഇന്ത്യയില്‍ ഇത് പ്രതിദിനം വര്‍ദ്ധിച്ചുവരികയാണ്. ഈ നില തുടര്‍ന്നാല്‍ നമ്മള്‍ കേസുകളുടെ കാര്യത്തില്‍ കൂടുതല്‍ വേഗത്തില്‍ ഒന്നാമതെത്തുമെന്ന് മാത്രമല്ല മരണനിരക്ക് കുറഞ്ഞാലും മരണസംഖ്യയില്‍ പോലും ഒന്നാമതെത്തിയേക്കും.
ഇതേ സാഹചര്യത്തില്‍ തന്നെ നിയന്ത്രണങ്ങള്‍ ഓരോന്നായി കുറഞ്ഞുവരികയാണ്. സാമൂഹ്യ ജീവിതവും സമ്പദ്‌വ്യവസ്ഥയും സാധാരണഗതിയില്‍ ആക്കാന്‍ കുറച്ചു റിസ്ക് എല്ലാം എടുക്കാമെന്നുള്ള തത്വമാണ് ഇതില്‍ കാണുന്നത്. പലരും കേരളത്തില്‍ ഉള്‍പ്പടെ നിര്‍ദ്ദേശിക്കുന്ന കാര്യവുമാണ്. ഇതിന്റെ ശരി തെറ്റുകള്‍ കാലം തീരുമാനിക്കും, പക്ഷെ നാട്ടില്‍ കേസുകള്‍ കൂടുന്തോറും നമുക്ക് കൊറോണ ഉണ്ടാകാനുള്ള സാധ്യത കൂടുകയാണെന്ന് മനസ്സിലാക്കുക. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അതനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുക, കൈ കഴുകല്‍, സാമൂഹിക അകലം, മാസ്കുകള്‍ ഇതൊക്കെ കര്‍ശനമായി പാലിക്കുക. സാധാരണ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രമിക്കുക, മാനസികമായ സന്തോഷം ഉറപ്പുവരുത്തുക.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി